സഞ്ചാരികള്‍ അധികമാരും വന്നെത്താത്ത ഒരു നാടാണ് മേഘാലയയിലെ ചിറാപുഞ്ചി. എന്നും പെയ്യുന്ന മഴയും വിവിധ കാഴ്ചകളും ഒരുക്കുന്ന ചിറാപുഞ്ചി ഒരു മായാ ലോകം തന്നെയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. യാത്രകളെയും മഴയെയും ഇഷ്ടപെടുന്ന ഏതൊരു സഞ്ചാരിയും ഒരു തവണ എങ്കിലും കാണേണ്ട ഇടമാണ് ഇവിടം. ജീവനുള്ള വേരുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലങ്ങളും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഗുഹകളും അങ്ങനെ നിരവധി വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കിയാണ് ചി റാപുഞ്ചി സഞ്ചാരികളെ കാത്തിരിക്കുന്നത്
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിന് സോഹ്‌റ എന്നും പേരുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന ഇടമാണ് ചിറാപുഞ്ചി. വർഷത്തിൽ 1177 മില്ലീ മീറ്ററാണ് ഇവിടെ ലഭിക്കുന്ന മഴ. ചിറാപുഞ്ചിയിലെ ഏറ്റവും ഉയരമുള്ള സ്ഥലത്ത് കയറി നിന്നാൽ തൊട്ടടുത്തുള്ള രാജ്യമായ ബംഗ്ലാദേശിന്റെ സമതലങ്ങളുടെ മനോഹരമായ കാഴ്ച കാണാൻ കഴിയും.
ലിവിങ് റൂട്ട് ബ്രിഡ്ജസ്
ചിറാപുഞ്ചിയിൽ സഞ്ചാരികളെ കാത്തിരിക്കുന്ന മനോഹരമായ ഒരു കാഴ്ചയാണ് ജീവനുള്ള വേരു പാലങ്ങൾ (ലിവിങ് റൂട്ട് ബ്രിഡ്ജസ്). ഒരു കരയിൽ നിൽക്കുന്ന മരത്തിന്റെ വേരുകൾ പ്രത്യേക രീതിയിൽ മറുകരയിലേക്ക് കൊണ്ടുപോയി ഒരു പാലത്തിന്റെ രൂപത്തിൽ വളർത്തുന്നതാണ് ലിവിങ് റൂട്ട് ബ്രിഡ്ജസ് എന്ന് പറയുന്നത്. മുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള പാലങ്ങള്‍ വരെ ഇവിടെ കാണാം. ചിറാപുഞ്ചിയിലെ വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസഥയും കാരണം ഇവിടുത്തെ നദികളിലും മറ്റും ശക്തമായ ഒഴുക്കാണ് ഉണ്ടാകുക. അതിനെ ചെറുക്കാനാണ് വേരുകൾ കൊണ്ടുള്ള പാലങ്ങൾ ഇവിടെ നിർമ്മിക്കുന്നത്. 10 മുതൽ 15 വർഷങ്ങൾ കൊണ്ടാണ് വേരുകൾക്ക് ഒരു പാലമായി മാറുന്നത്.
സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾസ്
ചിറാപുഞ്ചി യാത്രയിൽ ഒരിക്കലും വിട്ടുപോകാൻ പറ്റാത്ത ഒന്നാണ് ഏഴു സഹോദരിമാരുടെ വെള്ളച്ചാട്ടം അഥവാ സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾസ്. 1, 033 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് .
നോക്റെക്ക് ദേശീയോദ്യാനം-ചുവന്ന പാണ്ടകളുടെ ഇടം
ഇന്ത്യയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചുവന്ന പാണ്ടകളെ സംരക്ഷിക്കുന്ന ഇടമാണ് നോക്റെക്ക് ദേശീയോദ്യാനം. ചിറാപുഞ്ചിയിൽ നിന്നും 130 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
താങ്ഖരാങ് പാർക്ക്
പലർക്കും ചിറാപുഞ്ചി സന്ദർശിക്കാനുള്ള ഒരു പ്രധാന കാരണം തന്നെ താങ്ഖരാങ് പാർക്കാണ്. ചിറാപുഞ്ചിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഇത്. താങ്ഖരാങ് പാർക്കിൽ ബാസ്ക്കറ്റിന്റെ രൂപത്തിലുള്ള പാറയും മരങ്ങൾക്കിടയിലൂടെ നിർമ്മിച്ചിരിക്കുന്ന ഒറ്റയടി പാതയും കാണാം. പാർക്കിൽ നിന്ന് നോക്കിയാൽ അയൽ രാജ്യമായ ബംഗ്ലാദേശിന്റെ സമതലങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
മോസ്മായ് ഗുഹകൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളമേറിയ നാലാമത്തെ ഗുഹയാണിത്. മേഘാലയയുടെ ഹൃദയ ഭാഗത്തായാണ് മോസ്മായ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ 150 മീറ്റർ ദൂരം മാത്രമേ സഞ്ചാരികൾക്ക് പ്രവേശിക്കുവാൻ അനുവാദമുള്ളൂ. മേഘാലയയിലെ മറ്റു ഗുഹകളെ പോലെ തന്നെ നിരവധി രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവസരമൊരുക്കുന്ന ഒരു സ്ഥലമാണിത്.
ഗുവാഹത്തി സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഷില്ലോങ്ങിലെ ഉംറോയ്, ഗുവാഹത്തി തുടങ്ങിയ എയർപോർട്ടുകൾ അടുത്തുള്ള വിമാന താവളങ്ങളാണ്. ഗുവാഹത്തിയിൽ നിന്ന് ചിറാപുഞ്ചിയിലേക്ക് ഒരുപാട് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.
















