ന്യൂഡൽഹി: വോട്ടർ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മിഷൻ ഉണർന്നിരുന്നപ്പോൾ വോട്ട് മോഷണം പോയെന്ന് ആരോപിച്ച രാഹുൽ വോട്ട് കള്ളന്മാരെ സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക ക്രമക്കേടിൽ വ്യാഴാഴ്ച രാഹുൽ മാധ്യമങ്ങളെ വീണ്ടും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വീണ്ടും ആരോപണങ്ങൾ തുടരുന്നത്.
അതേസമയം, വോട്ട് ചോരി പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ പൊതുജന പിന്തുണ ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനായി ഒപ്പ് ശേഖരണമാണ് കോൺഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാദേശിക തലത്തിലായിരിക്കും തുടക്കത്തിൽ ക്യാമ്പയ്ൻ നടക്കുക. ഓരോ ഒപ്പും ഓരോ വോട്ട് പോലെ പ്രധാനമാണെന്ന് ക്യാമ്പയിനിന് തുടക്കം കുറിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കയെന്നായിരുന്നു ഇന്നലെ രാഹുൽ ഉന്നയിച്ച പ്രധാന ആരോപണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ഇത്തവണ പരാതിക്കാരെയും നേരിട്ട് ഹാജരാക്കിയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. കര്‍ണാടകയിലെ മണ്ഡലമാണ് അലന്ദ്. ഈ മണ്ഡലത്തിലെ 6018 വോട്ടുകള്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചിരിക്കുന്നു. 2023 ലെ തിരഞ്ഞെടുപ്പില്‍ അലന്ദ് മണ്ഡലത്തിലെ എത്ര വോട്ടുകള്‍ ഇതുപോലെ ഇല്ലാതാക്കിയിട്ടുണ്ടെന്ന് നമുക്ക് അറിയില്ല. ഉറപ്പായും 6018 ല്‍ കൂടുതല്‍ ആയിരിക്കും അതെന്നും രാഹുൽ.
മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6,850 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കൂട്ടിച്ചേര്‍ക്കപ്പെട്ട വോട്ടര്‍മാരുടെ വിവരം പരിശോധിക്കുമ്പോള്‍ പല പേരുകള്‍ക്കൊപ്പവും നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ കൃത്യമല്ല. വ്യാജ ലോഗിന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതും കൂട്ടിച്ചേര്‍ക്കുന്നതും യഥാര്‍ഥ വോട്ടര്‍മാര്‍ അറിയാതെ ആണെന്നും രാഹുല്‍ ആരോപിച്ചു.
















