Cricket Homepage Featured Sports

വലിയ വായില്‍ ബഹിഷ്‌കരണാഹ്വാനം, അല്ലാതെ തന്നെ പുറത്താകാനും സാധ്യത; നാണംകെടുമോ പാക്കിസ്ഥാന്‍

ഏഷ്യ കപ്പ് ബഹിഷ്‌കരണാഹ്വാനം നടത്തിയ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്താകുമോ? ഇന്ത്യക്കെതിരായ മത്സരത്തിലെ തോല്‍വിയോടെ ബഹിഷ്‌കരിക്കാതെ തന്നെ പാക്കിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായേക്കും.ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് ബഹിഷ്‌കരണം ആലോചിച്ചത്. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കില്‍ ഏഷ്യ കപ്പ് ബഹിഷ്‌കരിക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ വെല്ലുവിളി. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ വിസമ്മതിച്ചതാണ് വിവാദങ്ങള്‍ക്കു തുടക്കമായത്.

ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ അംപയര്‍ ഇടപെടണമെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. മാച്ച് റഫറി പൈക്രോഫ്റ്റ് ഏകപക്ഷീയമായി ഇന്ത്യക്കൊപ്പം നിന്നെന്നും അതിനാല്‍ ഏഷ്യ കപ്പില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഏഷ്യ ക്രിക്കറ്റ് കൗണ്‍സിലിനും ഐസിസിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ അംപയറെ വിലക്കാന്‍ സാധ്യമല്ലെന്ന് ഐസിസി പാക്കിസ്ഥാനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അംപയര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഐസിസി അറിയിച്ചതോടെ പാക്കിസ്ഥാന്‍ യു-ടേണ്‍ അടിച്ചു. ശേഷിക്കുന്ന മത്സരങ്ങള്‍ പാക്കിസ്ഥാന്‍ കളിക്കുമെന്നാണ് വിവരം.

ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അവസാന മത്സരം. ഈ മത്സരത്തില്‍ പാക്കിസ്ഥാന്‍ തോറ്റാല്‍ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്താകും. രണ്ട് മത്സരത്തില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ഒരു ജയവും ഒരു തോല്‍വിയുമുള്ള യുഎഇ മൂന്നാം സ്ഥാനത്ത്.

ഇന്ന് നടക്കുന്ന യുഎഇ-പാക്കിസ്ഥാന്‍ മത്സരം യഥാര്‍ഥത്തില്‍ നോക്ക് ഔട്ടിനു സമാനമാണ്. ജയിക്കുന്നവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തും. തോല്‍ക്കുന്നവര്‍ മൂന്നാം സ്ഥാനത്തേക്ക് വീഴും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ ഫോറില്‍ എത്തുക. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഒന്നാം സ്ഥാനക്കാരാണ് ഇപ്പോള്‍.

Related Posts