Cricket Homepage Featured Sports

ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി-20 പോരാട്ടം ഇന്ന് കാര്യവട്ടത്ത്; ഹോം ഗ്രൗണ്ടിൽ അന്താരാഷ്ട്ര മത്സരം കളിക്കാനൊരുങ്ങി സഞ്ജു

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാനമത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് ആംഭിക്കും. അഞ്ചുമത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ മൂന്നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിൽ ന്യൂസിലൻഡ് വമ്പൻ ജയംനേടി. പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഇന്ന് രാത്രി ഏഴ് മണിയോടെ ആരംഭിക്കുമ്പോൾ ഹോം ഗ്രൗണ്ടിൽ വെച്ചുള്ള ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനൊരുങ്ങുകയാണ് സഞ്ജു സാംസൺ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി 11-ാമത്തെ വർഷമാണ് സഞ്ജു തിരുവനന്തപുരത്തെ സ്റ്റേഡിയത്തിൽ ആദ്യമായി കളിക്കാനെത്തുന്നത്. 56 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ ഇക്കാലത്തിനിടെ സഞ്ജു കളിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി-20 യിലെ ആദ്യ നാലു മത്സരങ്ങളിൽ 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അടുത്തമാസം തുടങ്ങാനിരിക്കുന്ന ടി-20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ടി-20 മത്സരമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണായകമാണ്.

ഓപ്പണർ അഭിഷേക് ശർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും രണ്ട് അർധസെഞ്ചുറികൾ പരമ്പരയിൽ നേടിയിട്ടുണ്ട്. സഞ്ജു സാംസൺ ഒഴികെയുള്ള മുൻനിര ബാറ്റർമാരെല്ലാം പരമ്പരയിൽ മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ സഞ്ജുവും ശ്രേയസും ഇഷാൻ കിഷനും ശനിയാഴ്ച മത്സരത്തിന് മുമ്പും ബാറ്റിങ് പരിശീലനത്തിനിറങ്ങിയിരുന്നു. ഇന്നലെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകുകയാണെങ്കിൽ ഇഷാൻ കിഷൻ സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യാൻ ഇറങ്ങുമെന്നാണ് കരുതുന്നത്. സഞ്ജുവും ഇഷാൻ കിഷനും പരിശീലനത്തിനിടെ വമ്പൻ ഷോട്ടുകൾ പറത്തി ആത്മവിശ്വാസം നേടിയിരുന്നു. ബുംറയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരയും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. അതേസമയം ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിലാണ് കിവീസിന് പ്രതീക്ഷ. ഡെവൻ കോൺവേ, ടിം സീഫെർട്ട്, ഡാരിൽ മിച്ചൽ, ഗെ്ളൻ ഫിലിപ്സ്, രചിൻ രവിന്ദ്ര എന്നിവരും ഫോമിലാണ്.

Related Posts