ആരാധകരെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്. ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് താരം പുറത്തായി. മികച്ച തുടക്കം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനു സാധിച്ചില്ല.
മൂന്ന് ഫോറും ഒരു സിക്സുമായി സഞ്ജു വിശാഖപട്ടണത്ത് ഇന്ത്യക്കു പ്രതീക്ഷ സമ്മാനിച്ചതായിരുന്നു. എന്നാല്‍ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി കൂടാരം കയറി. മോശം ഫൂട്ട് വര്‍ക്കാണ് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം. ആത്മവിശ്വാസമില്ലാതെയാണ് താരം ബാറ്റ് ചെയ്തിരുന്നതെന്നും ആരാധകരടക്കം വിമര്‍ശിക്കുന്നു. പന്ത് ടേണ്‍ ചെയ്യുമെന്ന് ഉറപ്പായിട്ടും സഞ്ജു ശ്രദ്ധയോടെ കളിക്കാത്തതാണ് വിക്കറ്റ് നഷ്ടമാകാന്‍ പ്രധാന കാരണമെന്നാണ് കമന്റേറ്റര്‍മാര്‍ വിമര്‍ശിച്ചത്.
സഞ്ജുവിനെ സംബന്ധിച്ചിടുത്തോളം വളരെ നിര്‍ണായകമായ കളിയായിരുന്നു ഇന്നത്തേത്. ആദ്യ മൂന്ന് കളികളില്‍ നിന്ന് വെറും 16 റണ്‍സാണ് സഞ്ജുവിനു നേടാന്‍ സാധിച്ചത്.
സഞ്ജു ബാക്ക് ഫൂട്ടില്‍ ആയതുകൊണ്ടാണ് സാന്റ്നറുടെ പന്തില്‍ ബൗള്‍ഡ് ആയതെന്ന് കമന്ററി ബോക്സില്‍ ഉണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ കുറ്റപ്പെടുത്തി. ‘ സഞ്ജു എപ്പോഴും ക്രീസില്‍ ബാക്ക് ഫൂട്ടില്‍ പോകുന്നു. ഫ്രന്റ് ഫൂട്ടില്‍ കളിക്കാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല. പന്ത് തിരിയാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് സഞ്ജു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ബാക്ക് ഫൂട്ടില്‍ പോയി മൂന്ന് സ്റ്റംപുകളും കാണിക്കുന്ന തരത്തിലായിരുന്നു സഞ്ജുവിന്റെ നില്‍പ്പ്,’ ഗവാസ്കര്‍ കുറ്റപ്പെടുത്തി.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നായി 10 ശരാശരിയില്‍ വെറും 40 റണ്‍സ് മാത്രമാണ് സഞ്ജു ഇതുവരെ നേടിയിരിക്കുന്നത്. അഞ്ചാം ടി20യില്‍ കൂടി സഞ്ജുവിനു അവസരം ലഭിക്കുമെങ്കിലും ടി20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ താരത്തിന്റെ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.
















