ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു സ്ഥാനമുണ്ടാകില്ല.
മൂന്ന് മത്സരങ്ങളില്‍ നിന്നായി 5.33 ശരാശരിയില്‍ വെറും 16 റണ്‍സ് മാത്രമാണ് സഞ്ജു നേടിയിരിക്കുന്നത്. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഏറ്റവും നിരാശപ്പെടുത്തിയിരിക്കുന്നത് സഞ്ജുവാണ്. ഏഴ് പന്തില്‍ 10, അഞ്ച് പന്തില്‍ ആറ്, ഒരു പന്തില്‍ പൂജ്യം എന്നിങ്ങനെയാണ് മൂന്ന് കളികളില്‍ സഞ്ജുവിന്റെ പ്രകടനം.
മറുവശത്ത് വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷന്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 224 സ്‌ട്രൈക് റേറ്റില്‍ 112 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. തിലക് വര്‍മയ്ക്കു പകരമാണ് ഇഷാന്‍ ഇപ്പോള്‍ വണ്‍ഡൗണ്‍ ഇറങ്ങുന്നത്. തിലക് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയാല്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഇഷാന്‍ തിരിച്ചുപിടിക്കാനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്.
പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ സഞ്ജുവിനു അതീവ നിര്‍ണായകമാകും. താരം വീണ്ടും നിരാശപ്പെടുത്തിയാല്‍ ലോകകപ്പ് പ്ലേയിങ് ഇലവനില്‍ ഓപ്പണറായി ഇറങ്ങുകയെന്ന സ്വപ്‌നം പൊലിയും. ശേഷിക്കുന്ന രണ്ട് കളികളിലും സെലക്ടര്‍മാരുടെയും മുഖ്യ പരിശീലകന്റെയും റഡാറിലായിരിക്കും സഞ്ജു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താരമെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലൂടെ കടന്നുപോകുകയായിരുന്ന ഇഷാന്‍ കിഷനെ ലോകകപ്പ് ടീമിലേക്ക് വിളിച്ചത് സഞ്ജുവിന്റെ ബാക്കപ്പ് ആയാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് കളികളിലെ പ്രകടനം കൊണ്ട് വെറും ബാക്കപ്പ് താരം മാത്രമായിരിക്കാനല്ല താന്‍ തിരിച്ചുവരവ് നടത്തിയതെന്ന സൂചന ഇഷാന്റെ പ്രകടനങ്ങളില്‍ കാണാം.
നാലാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ / ശ്രേയസ് അയ്യര്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ
















