News Sports

‘മെസ്സി കൊച്ചിയിൽ എത്തുമെന്ന് പ്രതീക്ഷ, സ്ഥിരീകരണമില്ല’; സ്റ്റേഡിയം നവീകരണം ഭൂരിഭാ​ഗവും പൂർത്തിയായെന്ന് ജിസിഡിഎ ചെയര്‍മാന്‍

കൊച്ചി: മെസ്സി വരുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലെങ്കിലും സ്റ്റേഡിയം നവീകരണം ഭൂരിഭാ​ഗവും പൂർത്തിയായെന്ന് ജിസിഡിഎ (​ഗ്രേറ്റർ കൊച്ചി ഡെവെലപ്പ്മെന്റ് അതോറിറ്റി) ചെയര്‍മാന്‍ കെ ചന്ദ്രന്‍പിളള പറഞ്ഞു. മെസ്സി വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അതേസമയം എത്ര തുക ചെലവിട്ടെന്ന കാര്യത്തിൽ വ്യക്തമായ കണക്കെടുപ്പ് നടത്താതെ മറുപടി പറയാൻ കഴിയില്ലെന്നും കെ ചന്ദ്രന്‍പിളള പറഞ്ഞു.

സ്റ്റേഡിയത്തിലെ ടര്‍ഫ്, സീറ്റുകൾ എന്നിവയുടെ പണികൾ എല്ലാം പൂർത്തിയാക്കി. സ്റ്റേഡിയത്തിലേക്കുള്ള റോഡ് ടാറ് ചെയ്യുക,നിലവിലെ ലൈറ്റുകൾ മാറ്റി എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുക എന്നീ പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് വളരെ വേ​ഗം തീർക്കാവുന്നതാണെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് നേരത്തേ കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാണ് അര്‍ജന്റീനയുടെ ടീം കളിക്കുകയെന്നാണ് വിവരം.

റിപ്പോർട്ടർ ചാനൽ ആണ് സ്റ്റേഡിയം നവീകരണത്തിന്റെ സ്പോൺസർ. 70 കോടിയിലേറെ ചെലവിട്ടാണ് സ്റ്റേഡിയം നവീകരിക്കുന്നതെന്നാണ് സ്പോൺസർ പറയുന്നത്. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അ​ഗസ്റ്റിൻ പറഞ്ഞത് ഏപ്രിൽ മാസത്തോടെ മെസ്സി കേരളത്തിൽ എത്തുമെന്നായിരുന്നു. സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സമെന്നും സ്‌പോൺസർ അറിയിച്ചിരുന്നു.

കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. സെപ്തംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബര്‍ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും നേരെയെത്തുക കേരളത്തിലേക്കാവുമെന്നുമായിരുന്നു ആദ്യകാലത്തെ പ്രഖ്യാപനം. പിന്നീട് പലതവണ തീയതികളിൽ മാറ്റം വരുകയായിരുന്നു.

2011 സെപ്റ്റംബറിലാണ് മെസ്സി ഇതിന് മുമ്പ് മത്സരത്തിനായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീനയുടെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. 2025 ൽ ലയണൽ മെസ്സി ഇന്ത്യയിൽ എത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായിരുന്നു മെസ്സി ഇന്ത്യയിലെത്തിയത്. ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കായാണ് മെസ്സി കഴിഞ്ഞ ഇന്ത്യയിലെത്തിയത്. കൊൽക്കത്ത, ബൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ആയിരുന്നു മെസ്സിയുടെ ഇന്ത്യയിലെ ​ഗോട്ട് ഇന്ത്യ ടൂർ എന്ന പരിപാടി.

Related Posts