നിരവധി പ്രതിസന്ധികള്‍ക്കു ശേഷം ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിലാണ് ഇപ്പോള്‍. മഞ്ഞപ്പടയുടെ ആരാധകരെ സംബന്ധിച്ചിടുത്തോളം ഈ സീസണ്‍ അത്ര മികച്ചതായിരിക്കില്ല. കാരണം അഡ്രിയാന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങള്‍ ഇത്തവണ കളിക്കാത്തത് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തും.
വിദേശ താരങ്ങള്‍ കളിക്കുന്നില്ല എന്നതിനൊപ്പം ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിടേണ്ടിവന്നതും ആരാധകര്‍ക്കു പിടിച്ചിട്ടില്ല. കഴിഞ്ഞ 11 സീസണിലും കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടന്നത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കു വേദിയാകുക കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമാണ്.
ഫെബ്രുവരി 14 മുതല്‍ മേയ് 17 വരെയാണ് പുതിയ സീസണ്‍. ഏഴ് മത്സരങ്ങള്‍ക്കാകും കോഴിക്കോട് ആതിഥേയത്വം വഹിക്കുക. കൊച്ചിയില്‍ ഗാലറി നിറച്ച കാണികള്‍ കോഴിക്കോട്ടേക്കും എത്തുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സിനുണ്ട്.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനം ഐഎസ്എല്‍ കളിക്കാന്‍ യോഗ്യമായ നിലയിലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍. എന്നാല്‍ കൊച്ചി നഗരത്തിലേക്ക് എത്തിയതുപോലെ കാണികള്‍ കോഴിക്കോട്ടേക്കു എത്തുമോയെന്ന കാര്യത്തില്‍ സംശയവുമുണ്ട്.
കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിക്കു പുറത്തേക്ക് പോകുന്നതെന്ന പ്രത്യേകതയും ഉണ്ട്.

നിലവില്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെയും സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്.സിയുടെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം. കേരള ഫുട്ബാള്‍ അസോസിയേഷനാണ് സ്റ്റേഡിയം പരിപാലിക്കുന്നത്. ഐ ലീഗ്, സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കാണാന്‍ വലിയ തോതില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകിയെത്താറുള്ളത് കൂടി പരിഗണിച്ചാണ് കളി കോഴിക്കോട്ടേക്ക് മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും സമ്മതിച്ചത്. എന്നാല്‍ വിദേശ താരങ്ങളുടെ അഭാവം ലീഗിന്റെ ജനകീയതയ്ക്കു തിരിച്ചടിയായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ കേരളത്തിലെത്തുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം പിന്നീട് പ്രതിസന്ധിയിലായി. കൊച്ചിയിലെ നവീകരണ പ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. നിലവില്‍ കൊച്ചി സ്റ്റേഡിയം ഐഎസ്എല്‍ കളിക്കാന്‍ അനുയോജ്യമായ തരത്തിലല്ല. അതുകൊണ്ടാണ് ലീഗ് മാറ്റേണ്ടി വന്നിരിക്കുന്നത്.
















