Cricket Homepage Featured Sports

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ്; വിരാട് കോലിയുടെ ഒന്നാം സ്ഥാനവുമായി ബന്ധപ്പെട്ട വിവരത്തിൽ പിഴവ്, ഒടുവില്‍ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തി

ദുബായ്: കഴിഞ്ഞ ദിവസം ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ പ്രകടനത്തോടെയാണ് വിരാട് കോലി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനായത്. ഇത് സംബന്ധിച്ച വിവരം നൽകിയപ്പോൾ ഐസിസിക്ക് പിഴവ് സംഭവിച്ചു. എന്നാൽ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ തെറ്റു തിരുത്തിയിട്ടുണ്ട്.

എത്ര ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നു എന്ന വിവരമാണ് ഐസിസി തെറ്റായി പുറത്തുവിട്ടത്. 1547 ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന കോലി 847 ദിവസം ഒന്നാമനായി തുടര്‍ന്നു എന്നായിരുന്നു ഐസിസി തെറ്റായി രേഖപ്പെടുത്തിയത്. ആരാധകർ പിഴവു ചൂണ്ടിക്കാട്ടിയതോടെ തെറ്റു തിരുത്തി ഐസിസി ശരിയായ വിവരം പുറത്തുവിട്ടു. നിലവിൽ ഐസിസി ഏകദിന റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമായി.

വിരാട് കോലി ആദ്യമായി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ എത്തിയത് 2013ലാണ്. അതിനുശേഷം പല കാലയളവിലായി 10 തവണ അദ്ദേഹം ഒന്നാമതെത്തി. ഇതിന് മുമ്പ് 2021ലായിരുന്നു കോലി ഏകദിന ബാറ്റിങ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. വിവിയൻ റിച്ചാര്‍ഡ്സ്, ബ്രയാന്‍ ലാറ എന്നിവർ കോലിയേക്കാൾ കൂടുതൽ കാലം ഒന്നാം സ്ഥാനത്ത് തുടർന്നിട്ടുണ്ട്. വിവിയൻ റിച്ചാര്‍ഡ്സ് 2306 ദിവസവും ബ്രയാന്‍ ലാറ 2079 ദിവസവും ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം റാങ്കില്‍ ഉള്ള ബാറ്റര്‍മാരായി തുടർന്നിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിൽ വിരാട് കോലി പൂജ്യത്തിന് പുറത്തായി. എന്നാൽ മൂന്നാം ഏകദിനത്തിൽ പുറത്താകാതെ താരം 74 റണ്‍സ് സ്വന്തമാക്കി. സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ സെഞ്ചുറിയും മൂന്നാമത്തേതിൽ അര്‍ധസെഞ്ചുറിയും നേടി കോലി ഫോമിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിൽ ആദ്യ കളിയിൽ വിരാട് കോലി 93 റണ്‍സെടുത്തു. രണ്ടാം ഏകദിനത്തിൽ 23 റൺസ് എടുത്താണ് താരം പുറത്തായത്.

Related Posts