ദുബായ്: ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം ഐസിസി തള്ളി. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയത്. ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നേരത്തേയുള്ള മത്സരക്രമം പാലിക്കണമെന്നും ഐസിസി നിർദേശിക്കുകയായിരുന്നു.
9.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ എടുത്ത താരത്തെ പിന്നീട് ഒഴിവാക്കിയ നടപടിയായിരുന്നു തർക്കത്തിന് കാരണമായത്. കരാർ ഉണ്ടായിട്ടും ഒരു ബംഗ്ലാദേശ് താരത്തിന് ഇന്ത്യയിൽ കളിക്കാൻ കഴിയുന്നില്ല എങ്കിൽ, ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നത് സുരക്ഷിതമാണെന്ന് കരുതുന്നില്ലെന്നായിരുന്നു ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് വിഷയത്തിൽ പ്രതികരിച്ചത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ തീവ്ര സംഘടനകൾ നടത്തിയ സമ്മർദ്ദത്തെ തുടർന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയത്. തുടർന്ന് ലോകകപ്പിൽ കൊൽക്കത്തയിലും മുംബൈയിലുമായി നടക്കേണ്ട തങ്ങളുടെ നാല് മത്സരങ്ങൾ സുരക്ഷാപ്രശ്നം ഉന്നയിച്ച് ശ്രീലങ്കയിലേക്ക് മാറ്റാൻ ബംഗ്ലദേശ് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം ഐസിസി തള്ളിയതോടെ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടക്കും.
















