ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ് പുറത്തേക്ക്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയ്ക്കു ശേഷം ബെന്‍ സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടെസ്റ്റ് നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ സാധ്യത. ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമീപകാലത്ത് ഇംഗ്ലണ്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ആഷസ് പരമ്പര 3-1 നു തോറ്റു. ഇന്ത്യക്കെതിരായ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ബെന്‍ സ്റ്റോക്‌സ് നിരാശപ്പെടുത്തുകയാണെന്ന അഭിപ്രായം ഇംഗ്ലണ്ട് ആരാധകര്‍ക്കിടയിലും ഉണ്ട്.
പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തെയും നായകന്‍ ബെന്‍ സ്റ്റോക്‌സിനെയും മാറ്റാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആഷസ് പരമ്പരയ്ക്കു ശേഷമായിരിക്കും അന്തിമ തീരുമാനം. ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര നാട്ടില്‍വെച്ച് ന്യൂസിലന്‍ഡിനെതിരെയാണ്. ജൂണ്‍ നാലിനു ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു മുന്‍പ് ക്യാപ്റ്റന്‍സി മാറ്റത്തില്‍ തീരുമാനമാകും.
സ്റ്റോക്‌സിന്റെ കീഴില്‍ 26 ജയവും 17 തോല്‍വികളുമാണ് ഇംഗ്ലണ്ടിനുള്ളത്. 2025 ലെ പത്ത് ടെസ്റ്റ് മത്സരങ്ങള്‍ എടുത്താന്‍ സ്റ്റോക്‌സിനു കീഴില്‍ ഇംഗ്ലണ്ട് ജയിച്ചത് നാല് കളികളില്‍. തോറ്റത് അഞ്ച് മത്സരങ്ങളിലും. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഏറെക്കുറെ ഇംഗ്ലണ്ടിനു അസാധ്യമാണ്.
ആഷസില്‍ അഞ്ച് കളികളില്‍ നിന്ന് 183 റണ്‍സും ഇന്ത്യക്കെതിരായ പരമ്പരയില്‍ നാല് കളികളില്‍ നിന്ന് 304 റണ്‍സുമാണ് സ്റ്റോക്‌സ് നേടിയത്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങ്ങിലും ബെന്‍ സ്റ്റോക്‌സ് അത്ര മികവ് പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ക്യാപ്റ്റന്‍സി മാറ്റം ആലോചിക്കുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റെ ടേബിളില്‍ ഒന്‍പത് കളികളില്‍ അഞ്ചിലും തോറ്റ ഇംഗ്ലണ്ട് ഏഴാം സ്ഥാനത്താണ് നില്‍ക്കുന്നത്.
















