ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് സെഞ്ചുറി റെക്കോര്‍ഡ് ഭേദിക്കാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് കുതിപ്പ് തുടരുന്നു. ആഷസ് അഞ്ചാം ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ ആകെ സെഞ്ചുറികളില്‍ റൂട്ട് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പമെത്തി.
സിഡ്‌നി ടെസ്റ്റില്‍ 242 പന്തുകളില്‍ നിന്ന് 160 റണ്‍സാണ് റൂട്ട് നേടിയത്. താരത്തിന്റെ 41-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 297 ഇന്നിങ്‌സുകളില്‍ നിന്നാണ് റൂട്ട് 41 സെഞ്ചുറി തികച്ചത്. 287 ഇന്നിങ്‌സുകളില്‍ നിന്നാണ് പോണ്ടിങ് 41 സെഞ്ചുറിയടിച്ചത്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 51 സെഞ്ചുറിയുമായി ഒന്നാമതാണ്. ഇനി 10 സെഞ്ചുറികള്‍ കൂടിയാണ് സച്ചിനൊപ്പമെത്താന്‍ റൂട്ടിനു വേണ്ടത്. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് ആണ് പട്ടികയില്‍ രണ്ടാമത് (45 സെഞ്ചുറികള്‍). 2026 കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ കാലിസിനെ മറികടക്കാന്‍ റൂട്ടിനു സാധിച്ചേക്കും.
2021 മുതല്‍ ഇതുവരെ 24 ടെസ്റ്റ് സെഞ്ചുറികളാണ് റൂട്ടിന്റെ പേരിലുള്ളത്. ഈ കാലയളവില്‍ മറ്റൊരു താരവും 10 സെഞ്ചുറികളില്‍ കൂടുതല്‍ നേടിയിട്ടില്ല.
ടെസ്റ്റ് കരിയറിലെ ആകെ റണ്‍സിലും സച്ചിനു ഭീഷണിയാണ് റൂട്ട്. 163 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 51.24 ശരാശരിയില്‍ 13,937 റണ്‍സാണ് റൂട്ട് ഇതുവരെ നേടിയിരിക്കുന്നത്. സച്ചിനാകട്ടെ 200 ടെസ്റ്റുകളില്‍ നിന്ന് 53.79 ശരാശരിയില്‍ 15,921 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിനെ മറികടക്കാന്‍ റൂട്ടിനു ഇനി വേണ്ടത് 1,984 റണ്‍സ് കൂടിയാണ്.
















