Cricket Homepage Featured News Sports

മുസ്തഫിസുർ റഹ്മാനെ മാറ്റിയ സംഭവം; ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ബം​ഗ്ലദേശ്, ടി-20 ലോകകപ്പിൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയേക്കും

ദുബായ്: ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് തർക്കം. ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ICC) ആവശ്യപ്പെട്ടു. ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ചൂണ്ടിക്കാട്ടിയാണ് ബം​ഗ്ലദേശിന്റെ നീക്കം.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ തീവ്ര സംഘടനകൾ നടത്തിയ സമ്മർദ്ദത്തെത്തുടർന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 9.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ എടുത്ത താരത്തെ ഒഴിവാക്കിയ നടപടി ബംഗ്ലാദേശിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു. ‘ കരാർ ഉണ്ടായിട്ടും ഒരു ബംഗ്ലാദേശ് താരത്തിന് ഇന്ത്യയിൽ കളിക്കാൻ കഴിയുന്നില്ല എങ്കിൽ, ലോകകപ്പിനായി ടീമിനെ അവിടെ അയക്കുന്നത് സുരക്ഷിതമാണെന്ന് കരുതുന്നില്ല’-ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ഫേസ്ബുക്കിൽ കുറിച്ചു.

തുടർന്ന് ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ICC അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ലോകകപ്പിൽ കൊൽക്കത്തയിലും മുംബൈയിലുമായി നടക്കേണ്ട ബംഗ്ലാദേശിന്‍റെ നാല് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റും.

Related Posts