Cricket Homepage Featured Sports

‘എന്തേ കാണാത്തേ’; ദേവ്ദത്ത് ‘പടിക്കലില്‍’ തന്നെ, സമയമായിട്ടില്ല പോലും !

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ യുവതാരം ദേവ്ദത്ത് പടിക്കലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇന്ത്യന്‍ ആരാധകര്‍ക്കു അതൃപ്തി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുമ്പോഴും പടിക്കലിനു രാജ്യാന്തര ടീമിലേക്കു വിളിയില്ല.

ഇടംകൈയന്‍ ബാറ്റര്‍ കൂടിയായതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലെ ഫോം പരിഗണിച്ച് ദേവ്ദത്ത് പടിക്കലിനു അവസരം ലഭിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയും യശസ്വി ജയ്‌സ്വാളിനു ബാക്കപ്പ് ഓപ്പണറായി അവസരം ലഭിച്ചതും പടിക്കലിന്റെ സാധ്യതകള്‍ കുറച്ചു.

ഡിസംബര്‍ 24 നു ആരംഭിച്ച വിജയ് ഹസാരെ സീസണില്‍ ഗംഭീര ഫോമിലാണ് പടിക്കല്‍. കഴിഞ്ഞ അഞ്ച് കളികളില്‍ നാലിലും താരം സെഞ്ചുറി നേടി. കര്‍ണാടകയ്ക്കു വേണ്ടി കളിക്കുന്ന പടിക്കല്‍ ഇന്നലെ ത്രിപുരയ്‌ക്കെതിരെ 120 പന്തില്‍ 108 റണ്‍സ് നേടിയിരുന്നു. ജാര്‍ഖണ്ഡിനെതിരെ 118 പന്തുകളില്‍ 147, കേരളത്തിനെതിരെ 137 പന്തില്‍ 124, പുതുച്ചേരിക്കെതിരെ 116 പന്തില്‍ 113 എന്നിങ്ങനെയാണ് താരത്തിന്റെ ഈ സീസണിലെ സെഞ്ചുറി ഇന്നിങ്‌സുകള്‍.

വിജയ് ഹസാരെയില്‍ അഞ്ച് കളികളില്‍ നിന്ന് 102.80 ശരാശരിയില്‍ 514 റണ്‍സുമായി ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ദേവ്ദത്ത് പടിക്കല്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ 27 ഇന്നിങ്‌സുകളില്‍ നിന്ന് 83 ശരാശരിയില്‍ 13 സെഞ്ചുറികള്‍ സഹിതം 2585 റണ്‍സാണ് പടിക്കലിന്റെ സമ്പാദ്യം. ആഭ്യന്തര ക്രിക്കറ്റിലെ ഈ ഫോം ഉറപ്പായും താരത്തെ രാജ്യാന്തര ടീമില്‍ എത്തിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമില്‍ സബ്ജക്റ്റ് ടു ഫിറ്റ്‌നെസ് ക്ലിയറന്‍സ് എന്ന നിലയിലാണ് ശ്രേയസ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുക്കാന്‍ സാധിക്കാത്ത പക്ഷം ശ്രേയസ് ടീമില്‍ നിന്ന് പുറത്താകും. അങ്ങനെ വന്നാല്‍ പകരം ദേവ്ദത്ത് പടിക്കല്‍ ടീമിലെത്താനും സാധ്യതയുണ്ട്.

Related Posts