മുംബൈ: ഈ മാസം പതിനൊന്നിന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വഡോദരയിൽ തുടക്കമാകുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക. അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഏകദിന ടീമിനെ പ്രഖ്യാപിക്കുക.
പരുക്ക് മാറി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമി, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ തുടങ്ങിയവരിൽ ആരൊക്കെ ടീമിലുണ്ടാകുമെന്നാണ് ഇനി അറിയേണ്ടത്. ശ്രേയസ് പുറത്തിരിക്കുകയാണെങ്കിൽ ഋതുരാജ് ഗെയ്ക് വാദ് തുടർന്നേക്കും. വിജയ് ഹസാരെയിൽ റൺവാരിക്കൂട്ടിയ ദേവ്ദത്ത് പടിക്കലും പരിഗണനയിലുണ്ട്. രണ്ടാം കീപ്പറായി റിഷഭ് പന്തിനെ ടീമിൽ നിലനിർത്തുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു.
സെലക്ടർമാരുടെ അനിഷ്ടം മാറിയതോടെ ഇഷാനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യതയില്ല. സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടീമിൽ തുടരും. ടി20 ലോകകപ്പിന് ഒരുങ്ങാൻ ജസ്പ്രീത് ബുമ്രയ്ക്കും ഹാർദിക് പാണ്ഡ്യക്കും വിശ്രമം നൽകാൻ തീരുമാനിച്ചതോടെ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















