ട്വന്റി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ പ്രിലിമിനറി സ്‌ക്വാഡ് പ്രഖ്യാപിച്ചു. ചില താരങ്ങള്‍ പരുക്കില്‍ നിന്ന് പൂര്‍ണമുക്തി നേടാത്തതിനാല്‍ ലോകകപ്പിനു മുന്‍പായി സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വന്നേക്കാം. അതുകൊണ്ട് പ്രിലിമിനറി സ്‌ക്വാഡ് ആണ് പ്രഖ്യാപിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
മിച്ചല്‍ മാര്‍ഷ് ആയിരിക്കും ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നയിക്കുക. പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ തിരിച്ചെത്തി. ടിം ഡേവിഡും പരുക്കില്‍ നിന്ന് മുക്തനായി കളത്തിലിറങ്ങും.
ഓസ്‌ട്രേലിയ, പ്രിലിമിനറി സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കൊണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ ഏലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇഗ്ലിസ്, മാത്യു കുഹന്‍മെന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍കസ് സ്റ്റോയ്‌നിസ്, ആദം സാംപ.
നിലവിലെ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി ഇഗ്ലിസ് മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. അലക്‌സ് കാരി, ജോഷ് ഫിലിപ്പ് എന്നിവരില്‍ ഒരാള്‍ കൂടി സ്‌ക്വാഡില്‍ എത്താന്‍ സാധ്യതയുണ്ട്. പരുക്കിന്റെ പിടിയിലുള്ള ബെന്‍ ഡ്വാര്‍ഷ്യൂസിനു ടീമില്‍ സ്ഥാനമില്ല.
ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ഒമാന്‍, അയര്‍ലന്‍ഡ്, സിംബാബ്വെ, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഓസ്‌ട്രേലിയയുള്ളത്.
















