ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തിയ ജമ്മു കശ്മീര്‍ ടീമിലെ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആ ദിവസം വിദൂരമല്ലെന്ന് താൻ കരുതുന്നുവെന്ന് ഒമര്‍ അബ്ദുള്ള പ്രത്യാശ പ്രകടിപ്പിച്ചു. രഞ്ജി ട്രോഫി ഫൈനലിലെത്തുക എന്നത് മുഴുവൻ ടീമിന്‍റെയും ഒത്തൊരുമിച്ചുള്ള വിജയമാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റിലെ മുന്നേറ്റം കാശ്മീരിലെ യുവാക്കൾക്ക് ക്രിക്കറ്റിലേക്കും മറ്റ് കായിക ഇനങ്ങളിലേക്കും കടന്നുവരാൻ കരുത്താകുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. പശ്ചിമബംഗാളിനെ തോൽപ്പിച്ച ജമ്മു കാശ്മീർ രഞ്ജി ട്രോഫി ഫൈനലിലെത്തിയിരുന്നു. ഫെബ്രുവരി 24-ന് ആണ് രഞ്ജി ട്രോഫി ഫൈനൽ മത്സരം നടക്കുക. രണ്ടാം സെമി ഫൈനലിലെ കർണാടക-ഉത്തരാഖണ്ഡ് മത്സരത്തിലെ വിജയിയായിരിക്കും ഫൈനലിൽ ജമ്മു കാശ്മീരിന്റെ എതിരാളി.
















