ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ പോരിനു ആരംഭം. ടോസ് ലഭിച്ച പാക്കിസ്ഥാന് ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഇല്ല. അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2021 മുതല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന 13 മത്സരങ്ങളില്‍ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഇരു ടീം ക്യാപ്റ്റന്മാരും ടോസിങ്ങിനു ശേഷം ഹസ്തദാനം നടത്താത്തതും വിവാദമായി.
ആരോഗ്യബുദ്ധിമുട്ടുകളെ തുടര്‍ന്ന് അഭിഷേക് ശര്‍മ നമീബിയയ്ക്കെതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല. പകരം സഞ്ജുവിനു അവസരം ലഭിച്ചിരുന്നു. അഭിഷേക് തിരിച്ചെത്തിയതോടെ സഞ്ജുവിനു സ്ഥാനം നഷ്ടമായി. അര്‍ഷ്ദീപ് സിങ്ങിനു പകരം കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി.
ഇന്ത്യ, പ്ലേയിങ് ഇലവന്: അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മൂന്നാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ജയിക്കുന്നവര്‍ സൂപ്പര്‍ എട്ട് ഉറപ്പിക്കും.
ആദ്യം ബാറ്റ് ചെയ്യാനാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസിങ്ങിനു ശേഷം പറഞ്ഞു. ആദ്യം ബാറ്റ് ചെയ്താണ് ലോകകപ്പിലെ ആദ്യ രണ്ട് കളികളും ജയിച്ചതെന്നും സൂര്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
















