ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ 166 നു ഓള്‍ഔട്ട് ആയി.
ഇംഗ്ലണ്ടിനായി സാം കറാന്‍ (30 പന്തില്‍ 43), ജേക്കബ് ബെതേല്‍ (23 പന്തില്‍ 33), ഫില്‍ സാള്‍ട്ട് (14 പന്തില്‍ 30), ജോസ് ബട്‌ലര്‍ (14 പന്തില്‍ 21) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. വെസ്റ്റ് ഇന്‍ഡീസിനായി ഗുദകേഷ് മോതി നാല് ഓവറില്‍ 33 വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റോസ്റ്റണ്‍ ചേസിനു രണ്ട് വിക്കറ്റ്. ഷാമര്‍ ജോസഫ്, റൊമാരിയോ ഷെപ്പേര്‍ഡ്, അക്കീല്‍ ഹൊസൈന്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ്.
വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിങ് (ഒന്ന്), ഷായ് ഹോപ്പ് (പൂജ്യം) എന്നിവര്‍ അതിവേഗം കൂടാരം കയറി. ഷിമ്രോണ്‍ ഹെറ്റ്മയര്‍ (12 പന്തില്‍ 23), റോസ്റ്റണ്‍ ചേസ് (29 പന്തില്‍ 34) എന്നിവര്‍ പിടിച്ചുനിന്നതോടെ കരീബിയന്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. അഞ്ചാമനായി ക്രീസിലെത്തിയ ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ് അര്‍ധ സെഞ്ചുറി നേടി. 42 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സും സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്ന റതര്‍ഫോര്‍ഡ് ആണ് കളിയിലെ താരം. ജേസണ്‍ ഹോള്‍ഡര്‍ 17 പന്തില്‍ 33 റണ്‍സ് നേടി.
ലോകകപ്പില്‍ ഇന്ന് ഇന്ത്യയുടെ കളിയുണ്ട്. നമീബിയയ്‌ക്കെതിരെയാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് ചിലപ്പോള്‍ ഇന്ത്യക്കായി കളിച്ചേക്കും.
















