രാജ്യാന്തര ടീമിലേക്കു ഇനിയൊരു വിളിയുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിടത്തു നിന്ന് ലോകകപ്പ് ടീമിന്റെ ഭാഗമായ ഇഷാന്‍ കിഷന്‍ അതിനൊത്ത പ്രകടനവുമായി മുന്നേറുകയാണ്. ലോകകപ്പിലെ നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ ഇഷാന്‍ അര്‍ധ സെഞ്ചുറി നേടി.
ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 24 പന്തില്‍ 61 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഇഷാന്റെ വെടിക്കെട്ട്. 254.17 സ്‌ട്രൈക് റേറ്റിലാണ് ഇഷാന്റെ ഇന്നിങ്‌സ്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 215 റണ്‍സെടുത്താണ് ഇഷാന്‍ ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചത്. 231.18 സ്‌ട്രൈക് റേറ്റില്‍ 16 സിക്‌സുകളും 22 ഫോറും താരം നേടി.
സയദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് ഇഷാനെ സെലക്ടര്‍മാരുടെ റഡാറിലേക്ക് എത്തിച്ചതും രാജ്യാന്തര ടീമിലേക്ക് ക്ഷണം കിട്ടാന്‍ കാരണമായതും. ജാര്‍ഖണ്ഡ് കന്നി കിരീടം ചൂടുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റിങ്ങിലും ഇഷാന്‍ മുന്നില്‍നിന്ന് നയിച്ചു. ഹരിയാനയ്ക്കെതിരായ ഫൈനലില്‍ 49 പന്തുകളില്‍ ആറ് ഫോറുകളും 10 സിക്സുകളും സഹിതം 101 റണ്‍സാണ് ഇഷാന്‍ അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററും ഇഷാന്‍ തന്നെ. 10 കളികളില്‍ നിന്ന് 57.44 ശരാശരിയില്‍ 197.33 സ്ട്രൈക് റേറ്റോടെ 517 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്.
മറുവശത്ത് അഭിഷേക് ശര്‍മയ്ക്കു പകരം ഓപ്പണറായി എത്തിയ മലയാളി താരം സഞ്ജു സാംസണ്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്ത് മടങ്ങി. ആദ്യമായാണ് ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു അവസരം ലഭിക്കുന്നത്. 2024 ട്വന്റി 20 ലോകകപ്പ് ടീമിലും സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ ഒരു കളി പോലും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല.
















