ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന സഞ്ജുവിനു നാളെ നടക്കുന്ന നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കും. അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ആദ്യ ലോകകപ്പ് മത്സരമായിരിക്കും ഇത്. 2024 ലോകകപ്പില്‍ സഞ്ജു ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു പകരമാകും നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു കളിക്കുക. ഇഷാന്‍ കിഷനൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്യും. അഭിഷേക് ശര്‍മ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നു നമീബിയയ്‌ക്കെതിരെ ബെഞ്ചില്‍ ഇരിക്കും.
യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ അഭിഷേകും ഇഷാനുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ അഭിഷേക് പൂജ്യത്തിനു പുറത്തായി. കടുത്ത പനിയും വയറുവേദനയും മൂലം അഭിഷേക് പിന്നീട് ഫീല്‍ഡ് ചെയ്തിട്ടില്ല.
‘ അഭിഷേകിനു ഉദരസംബന്ധമായ ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. നമീബിയയ്ക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തിനു ഇറങ്ങാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഇന്ത്യയുടെ സഹപരിശീലകന്‍ റയാന്‍ ടെന്‍ ദോഷേറ്റ് പറഞ്ഞു.
അഭിഷേകിനെ ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിക്കുകയാണ്. ആരോഗ്യം പൂര്‍ണമായി ഭേദപ്പെട്ടാല്‍ മാത്രമേ താരത്തെ നമീബിയയ്‌ക്കെതിരെ കളിക്കൂ. യു.എസ്.എയ്‌ക്കെതിരെ കളിച്ച മുഹമ്മദ് സിറാജ് നമീബിയയ്‌ക്കെതിരെ കളിക്കില്ല. പരുക്കില്‍ നിന്ന് മുക്തനായി ജസ്പ്രിത് ബുംറ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തും.
സാധ്യത ഇലവന്‍: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ
















