Cricket Homepage Featured Sports

ഇതാണ് ലോകകപ്പ്, ഇതാണ് ആവേശം; അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്ക ജയിച്ചത് രണ്ടാം സൂപ്പര്‍ ഓവറില്‍ !

ട്വന്റി 20 ലോകകപ്പില്‍ ത്രില്ലറുകളുടെ ത്രില്ലര്‍ ! ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത് രണ്ടാം സൂപ്പര്‍ ഓവറില്‍ ! അഹമ്മദബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ഒരു ത്രില്ലര്‍ സിനിമയ്ക്കാണ് സാക്ഷ്യംവഹിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. ക്വിന്റണ്‍ ഡി കോക്ക് (41 പന്തില്‍ 59), റിയാന്‍ റിക്കല്‍ട്ടണ്‍ (28 പന്തില്‍ 61) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധ സെഞ്ചുറി നേടി. ഡ്വൊള്‍ഡ് ബ്രെവിസ് (23), ഡേവിഡ് മില്ലര്‍ (പുറത്താകാതെ 20), മാര്‍ക്കോ ജാന്‍സണ്‍ (16) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ ഒരുഘട്ടത്തില്‍ ജയം ഉറപ്പിച്ചതാണ്. റഹ്‌മനുള്ള ഗുല്‍ബാസ് 42 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 84 റണ്‍സുമായി ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. ഒടുക്കം 19.4 ഓവറില്‍ അഫ്ഗാന്‍ 187 നു ഓള്‍ഔട്ട് ! അസ്മത്തുള്ള ഒമര്‍സായ് (17 പന്തില്‍ 22), റാഷിദ് ഖാന്‍ (12 പന്തില്‍ 20) എന്നിവരും തിളങ്ങി.

അവസാന ഓവറില്‍ അഫ്ഗാനു ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്, കൈയില്‍ ഒരു വിക്കറ്റ്. കഗിസോ റബാദ എറിഞ്ഞ ഓവറില്‍ ഒരു സിക്‌സ് സഹിതം അഫ്ഗാന്‍ 12 റണ്‍സെടുത്തു. രണ്ട് പന്ത് ശേഷിക്കെ ഓള്‍ഔട്ട് ! പിന്നീട് വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍..!

ആദ്യ സൂപ്പര്‍ ഓവറില്‍ അഫ്ഗാന്‍ 17 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കു അവസാന പന്തില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണമായിരുന്നു. അവസാന പന്ത് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സിക്‌സര്‍ പറത്തി സൂപ്പര്‍ ഓവറും സമനിലയിലാക്കി.

രണ്ടാം സൂപ്പര്‍ ഓവറില്‍ ദക്ഷിണാഫ്രിക്ക 23 റണ്‍സെടുത്തു. അഫ്ഗാനു നേടാനായത് 19 റണ്‍സ്..! അങ്ങനെ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി.

Related Posts