ദോഹ: ഫെബ്രുവരി 10ന് ദേശീയ കായിക ദിനം ആഘോഷിക്കാനൊരുങ്ങി ഖത്തർ. രാജ്യത്തെ എല്ലാ പൗരന്മാരിലും താമസക്കാരിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായിക ദിനമായി ഖത്തർ ആചരിക്കുന്നത്.
ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലുടനീളം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ നൂറുകണക്കിന് സൗജന്യ കായിക പരിപാടികൾ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ആസ്പയർ സോൺ, എഡ്യൂക്കേഷൻ സിറ്റി, ലുസൈൽ ബൊളിവാർഡ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ വിപുലമായ കായിക മത്സരങ്ങളും കുടുംബങ്ങൾക്കായി പ്രത്യേക വിനോദ പരിപാടികളും സംഘടിപ്പിക്കും.
സർക്കാർ, സ്വകാര്യ മേഖലകളിൽ ഈ ദിവസം ഔദ്യോഗിക അവധിയായിരിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അമീരി ദിവാൻ നേരെത്തെ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ദിവസം അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്കും അറിയിച്ചു.
സ്ത്രീകൾക്കായി പ്രത്യേക ഫിറ്റ്‌നസ് ചലഞ്ചുകളും സൈക്ലിംഗ് മത്സരങ്ങളും ഇവിടെയുണ്ടാകും. സ്പോർട്സ് ദിനത്തിൽ എജ്യുക്കേഷൻ സിറ്റി പൂർണ്ണമായും കാർ വിമുക്തമായിരിക്കും. കൂടാതെ, മുഷൈരിബ് ഡൗൺടൗണിലും പേൾ ഖത്തറിലും, ആസ്പയർ സോണിലും പൊതുജനങ്ങൾക്കായി വിവിധ പരിപാടികളും സൗജന്യ ഫിറ്റ്നസ് ക്ലാസുകളും നടത്തുന്നുണ്ട്. പ്രധാന പരിപാടികളിൽ ലുസൈലിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫ് മാരത്തോണും, എഡ്യൂക്കേഷൻ സിറ്റി റണ്ണും ഉൾപ്പെടുന്നു. പ്രശസ്തമായ ‘എജ്യുക്കേഷൻ സിറ്റി റൺ’ ഇത്തവണ കളർ എഡിഷനായിട്ടാണ് നടക്കുന്നത്.
















