ധാക്കുവാഖാന: എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന്റെ പിൻബലത്തിൽ കേരളത്തെ തോൽപ്പിച്ച് സന്തോഷ് ട്രോഫി കിരീടം ചൂടി സർവീസസ്. ആദ്യ പകുതി ഗോൾ രഹിതമായിരുന്ന മത്സരത്തിൽ 109–ാം മിനിറ്റിൽ സർവീസസിന്റെ അഭിഷേക് പവാർ ഗോളടിച്ചതോടെയാണ് കേരളത്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിലാണ് ധാകുവാഖാന സ്റ്റേഡിയത്തിൽ കേരളം 1-0 ത്തിന് തോറ്റത്.
ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോൾ ഇരു ടീമുകളും മത്സരം കടുപ്പിച്ചിരുന്നു. എന്നാൽ ലഭിച്ച അവസരങ്ങൾ ഇരു ടീമുകൾക്കും കൃത്യമായി ഉപയോഗിക്കാനായില്ല. 27-ാം മിനിറ്റിൽ വി അർജുന്റെ ലോങ് റേഞ്ച് ഷോട്ട് സർവീസസ് ഗോൾ പോസ്റ്റിൽ തട്ടി പുറത്തുപോയി. ഷിജിന്റെ ഹെഡറും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ 54–ാം മിനിറ്റിൽ കേരളം, ഷിജിനു പകരം വിഘ്നേഷിനെ ഇറക്കി. പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ് സിനാനെയും ഇറക്കി. ഇരുടീമുകൾക്കും ഗോൾ നേടനാകാതെ വന്നതോടെയാണ് എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. തുടർന്ന് 109–ാം മിനിറ്റിൽ അഭിഷേക് പവാർ സർവീസസിനായി ഗോൾ നേടുകയായിരുന്നു.
സെമിയിൽ പഞ്ചാബിനെ നാല് ഗോളിന് തകർത്താണ് ജി സഞ്ജു ക്യാപ്‌റ്റനായ കേരളം ഫൈനലിലെത്തിയത്. 7 തവണ കിരീടം ചൂടിയ കേരളത്തിന് 9-ാം തവണയാണ് ഫൈനലിൽ സന്തോഷ് ട്രോഫി നഷ്ടമാകുന്നത്. കഴിഞ്ഞ തവണ ഹൈദരാബാദിൽ നടന്ന ഫൈനൽ മത്സരത്തിൽ പശ്ചിമബംഗാളിനോട് തോറ്റിരുന്നു. 2022ൽ മലപ്പുറം മഞ്ചേരിയിൽ നടന്ന മത്സരത്തിലാണ് കേരളം അവസാനമായി കിരീടം ചൂടിയത്.
















