Cricket Homepage Featured Sports

വിറച്ചെങ്കിലും കാത്ത് നായകന്‍; യുഎസ്എയെ എറിഞ്ഞുപിടിച്ചു, ആദ്യജയം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു ജയത്തുടക്കം. യുഎസ്എയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ നായകന്‍ സൂര്യകുമാര്‍ കാഴ്ചവെച്ച പോരാട്ടവീര്യമാണ് ഇന്ത്യയുടെ ജയത്തിനു കാരണം.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ യുഎസ്എയ്ക്കു സാധിച്ചുള്ളൂ.

ബൗളിങ്ങില്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങിനും അക്‌സര്‍ പട്ടേലിനും രണ്ട് വീതം വിക്കറ്റുകള്‍. വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റ് സ്വന്തമാക്കി. ശുഭം രഞ്ജാനെ (22 പന്തില്‍ 37), സഞ്ജയ് കൃഷ്ണമൂര്‍ത്തി (31 പന്തില്‍ 37), മിലിന്ദ് കുമാര്‍ (34 പന്തില്‍ 34) എന്നിവര്‍ മാത്രമാണ് യുഎസ്എയ്ക്കായി ചെറുത്തുനിന്നത്.

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് ആയപ്പോള്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (പൂജ്യം) നഷ്ടമായി. ഇഷാന്‍ കിഷന്‍ (16 പന്തില്‍ 20), തിലക് വര്‍മ (16 പന്തില്‍ 25) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വമ്പന്‍ ഇന്നിങ്‌സ് കളിക്കാനായില്ല. ശിവം ദുബെ (പൂജ്യം), റിങ്കു സിങ് (14 പന്തില്‍ ആറ്), ഹാര്‍ദിക് പാണ്ഡ്യ (ആറ് പന്തില്‍ അഞ്ച്) എന്നിവര്‍ അമ്പേ നിരാശപ്പെടുത്തി. 77-6 എന്ന നിലയില്‍ ഇന്ത്യ വന്‍ തകര്‍ച്ച മുന്നില്‍ കണ്ടതാണ്. നായകന്‍ സൂര്യകുമാര്‍ യാദവ് അവസരത്തിനൊത്ത് ക്രീസില്‍ ഉറച്ചുനിന്ന് ഇന്ത്യയെ രക്ഷിച്ചു. 49 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 84 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു. ഉപനായകന്‍ അക്‌സര്‍ പട്ടേല്‍ 11 പന്തില്‍ 14 റണ്‍സ് നേടി.

Related Posts