Cricket Homepage Featured Sports

സൂര്യയും പറഞ്ഞു, ‘ഇഷാന്‍ ഉറപ്പ്’; സഞ്ജു ‘വെയ്റ്റ്’, വീണ്ടും ലോകകപ്പ് കാണാം ബെഞ്ചില്‍ ഇരുന്ന്

ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കി സന്നാഹ മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരം ബെഞ്ചില്‍ ഇരുന്ന് കണ്ടു.

ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനാണ് സഞ്ജുവിനു പകരം ഓപ്പണറായി എത്തിയത്. മാത്രമല്ല മത്സരത്തില്‍ ഇഷാന്‍ കിഷന്‍ തിളങ്ങുകയും ചെയ്തു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന്‍ 20 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം 265 സ്‌ട്രൈക് റേറ്റിലാണ് 53 റണ്‍സെടുത്തത്. താരത്തെ റിട്ടയേര്‍ഡ് ഹര്‍ട്ട് ആക്കുകയായിരുന്നു.

പരുക്കിനെ തുര്‍ന്നു വിശ്രമത്തിലായിരുന്ന തിലക് വര്‍മ തിരിച്ചെത്തിയതോടെ വണ്‍ഡൗണ്‍ ഇറങ്ങാനുള്ള സഞ്ജുവിന്റെ സാധ്യതയും മങ്ങി. തിലക് വര്‍മ 19 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 45 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ രണ്ടാം ടോപ് സ്‌കോററായി.

അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കു വരെ സന്നാഹ മത്സരത്തില്‍ ബാറ്റിങ്ങിനു അവസരം ലഭിച്ചു. എന്നിട്ടും സഞ്ജുവിനെ ഇറക്കാന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തയ്യാറായില്ല. മാത്രമല്ല ടോസിനു ശേഷമുള്ള സൂര്യയുടെ വാക്കുകളും സഞ്ജുവിനു തിരിച്ചടിയാണ്.

കാര്യവട്ടത്ത് നടന്ന ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിലെ ടോസിങ് സമയത്ത് പ്ലേയിങ് ഇലവനില്‍ ഉറപ്പായും സഞ്ജുവുണ്ടെന്ന് പറഞ്ഞ സൂര്യ സന്നാഹ മത്സരത്തിലെ ടോസിങ്ങിനു പിന്നാലെ പറഞ്ഞത്, ‘ഓപ്പണര്‍മാരായി ഉറപ്പായും ഇഷാനും അഭിഷേകും’ എന്നാണ്. അതായത് ലോകകപ്പ് പ്ലാനുകളില്‍ സഞ്ജുവിനേക്കാള്‍ പരിഗണന ഇഷാന്‍ കിഷനു തന്നെയാണെന്ന് സൂര്യകുമാര്‍ പരോക്ഷമായി വ്യക്തമാക്കിയിരിക്കുകയാണ്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ച് കളികളിലും സഞ്ജു ഓപ്പണറായി ഇറങ്ങി. എന്നാല്‍ 9.20 ശരാശരിയില്‍ സഞ്ജു നേടിയത് വെറും 46 റണ്‍സാണ്. മോശം ഫൂട്ട് വര്‍ക്ക്, ആത്മവിശ്വാസമില്ലാത്ത ഷോട്ട് സെലക്ഷന്‍ എന്നിവയാണ് സഞ്ജുവിനെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്.

Related Posts