ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അഗ്നിപരീക്ഷ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ സഞ്ജു കളിക്കും. കേവലം സന്നാഹ മത്സരത്തിനും അപ്പുറം സഞ്ജുവിന്റെ നിലനില്‍പ്പ് തന്നെ തീരുമാനിക്കപ്പെടുന്ന മത്സരമായിരിക്കും ഇത്.
ഇന്ന് നവി മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം നടക്കുക. 2024 ട്വന്റി 20 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലെ പ്രകടനം ഇന്ത്യയ്ക്കും നിര്‍ണായകമാണ്. ഈ മത്സരത്തിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും പ്ലേയിങ് ഇലവന് തീരുമാനിക്കുക.
മത്സരഫലം പ്രധാനമല്ലെങ്കിലും സന്നാഹമത്സരത്തില്‍ കടുപ്പമേറിയ പോരാട്ടമാകും ഇന്ത്യയെ കാത്തിരിക്കുന്നത്. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശക്തരാണ്. ഓപ്പണിങ്ങില്‍ ക്വിന്റണ്‍ ഡികോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കൂടുതല്‍ അപകടകാരികളാക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജുവിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. അഞ്ച് കളികളില്‍ നിന്ന് 9.20 ശരാശരിയില്‍ സഞ്ജു നേടിയത് വെറും 46 റണ്‍സാണ്. അഞ്ച് കളികളിലും ഓപ്പണറാകാന്‍ അവസരം ലഭിച്ചിരുന്നു. മോശം ഫൂട്ട് വര്‍ക്ക്, ആത്മവിശ്വാസമില്ലാത്ത ഷോട്ട് സെലക്ഷന് എന്നിവയാണ് സഞ്ജുവിനെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്.
മറുവശത്ത് ഇഷാന് കിഷന് മികച്ച ഫോമിലാണ്. നാല് കളികളില്‍ നിന്ന് 53.75 ശരാശരിയിലും 231.18 സ്ട്രൈക് റേറ്റിലുമായി 215 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന് കിഷന് ടി20 ലോകകപ്പ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. വണ്‍ഡൗണ്‍ ആയി ഇറങ്ങിയിരുന്ന ഇഷാന് സഞ്ജുവിനു പകരം ഓപ്പണറാകാനാണ് സാധ്യത. ഇന്നത്തെ സന്നാഹ മത്സരത്തിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മാത്രമല്ല പരുക്കില്‍ നിന്ന് മുക്തനായ തിലക് വര്‍മ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇതും സഞ്ജുവിനു തിരിച്ചടിയാണ്.
ലോകകപ്പ്, സാധ്യത ഇലവന്: അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് / വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്.
















