Cricket Homepage Featured Sports

തിലക് ഈസ് ബാക്ക്; യുഎസിനെതിരെ ഇന്ത്യക്കു ജയം, ജഗദീശനു സെഞ്ചുറി

ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ യുഎസ്എയെ 38 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. യുഎസ്എയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 200 നു അവസാനിച്ചു.

ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ മാത്രമാണ് ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചത്. പരുക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ തിലക് 24 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സ് നേടി. ബൗളിങ്ങില്‍ ഒരോവറില്‍ 15 വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്‍ സെഞ്ചുറി നേടി. 55 പന്തില്‍ 11 ഫോറും നാല് സിക്‌സും സഹിതം 104 റണ്‍സാണ് ജഗദീശന്റെ സമ്പാദ്യം. നായകന്‍ ആയുഷ് ബദോനി 26 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 60 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 28 റണ്‍സ് നേടി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത യുഎസ്എയും തുടക്കംമുതല്‍ തകര്‍ത്തടിച്ചു. ഓപ്പണര്‍ ആന്‍ഡ്രിസ് ഗൂസ് (31 പന്തില്‍ 44), സഞ്ജയ് കൃഷ്ണമൂര്‍ത്തി (18 പന്തില്‍ 41), ശുഭം രഞ്ജനെ (17 പന്തില്‍ 28), ഹര്‍മീത് സിങ് (ഒന്‍പത് പന്തില്‍ 25), മുഹമ്മദ് മൊഹ്‌സിന്‍ (10 പന്തില്‍ 21) എന്നിവര്‍ യുഎസ്എയ്ക്കായി പൊരുതി നോക്കി.

ഇന്ത്യക്കായി രവി ബിഷ്‌ണോയ് നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദിനും നമാന്‍ ധിറിനും രണ്ട് വീതം വിക്കറ്റുകള്‍.

തിലക് വര്‍മ ഫോം വീണ്ടെടുക്കുന്നത് ഇന്ത്യക്ക് ആശ്വാസവും മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയുമായിരിക്കും. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിറംമങ്ങിയ സഞ്ജു തിലക് തിരിച്ചെത്തുമ്പോള്‍ പ്ലേയിങ് ഇലവന് പുറത്തേക്ക് പോകാനാണ് സാധ്യത.

Related Posts