Cricket Homepage Featured Sports

‘ഇനി പറയരുത് സഞ്ജുവിനു അവസരം കിട്ടിയില്ലെന്ന്’; ഇത് അവസാനമോ?

തിരുവനന്തപുരം: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകുന്നു എന്ന് തോന്നിയ പരമ്പര, എന്നാല്‍ പ്രകടനം കൊണ്ട് അതിനു അടിവരയിടാന്‍ മലയാളി താരത്തിനു സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു അഞ്ച് കളികളിലും ഓപ്പണറായി. അവസരം കിട്ടിയില്ലെന്ന പരാതിയോ വിമര്‍ശനമോ ഇനി ഉന്നയിക്കാന്‍ പറ്റില്ല. ഇതോടെ ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നു.

തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി20യില്‍ ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്താണ് സഞ്ജുവിന്റെ പുറത്താകല്‍. മുന്‍ മത്സരങ്ങളിലെ പോലെ ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപെടുന്ന സഞ്ജുവിനെ തിരുവനന്തപുരത്തെ കാണികളും കണ്ടു. ഗാര്‍ഡ് എടുക്കുന്നതില്‍ മുതല്‍ ഷോട്ട് സെലക്ഷനില്‍ വരെ പാളിയ സഞ്ജുവിന്റെ ബാറ്റിങ് ശൈലി.

കളിക്കേണ്ടത് ബാക്ക് ഫൂട്ടിലാണോ ഫ്രന്റ് ഫൂട്ടിലാണോ എന്ന സംശയം, ആക്രമിച്ചു കളിക്കണോ പ്രതിരോധിക്കണോ എന്ന കാര്യത്തിലുള്ള കണ്‍ഫ്യൂഷന്‍, പന്ത് മിഡില്‍ ചെയ്യിപ്പിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി എല്ലാ മേഖലകളിലും സഞ്ജുവിന്റെ ദുര്‍ബലത പ്രകടമായ പരമ്പര. മറുവശത്ത് കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കി ഇഷാന്‍ കിഷന്റെ അന്യായ തിരിച്ചുവരവും !

അഞ്ച് കളികളിലും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു ആകെ നേടിയത് 46 റണ്‍സ്. ശരാശരി പത്തില്‍ താഴെ (9.20). സ്‌ട്രൈക് റേറ്റ് 135.29 മാത്രം. ആറ് ഫോറും രണ്ട് സിക്‌സുമാണ് അഞ്ച് കളികളില്‍ നിന്നായി താരം നേടിയത്.

ശുഭ്മാന്‍ ഗില്‍ ടീമില്‍ നിന്ന് പുറത്തായതോടെ സഞ്ജു സ്ഥിരം ഓപ്പണറാകുമെന്ന് ഉറപ്പിച്ചതാണ്. അതിനുള്ള പരീക്ഷയായിരുന്നു ന്യൂസിലന്‍ഡ് പരമ്പര. സഞ്ജുവിനു വേണ്ടി ഇഷാന്‍ കിഷനെ ഇന്ത്യ വണ്‍ഡൗണ്‍ ഇറക്കി. എന്നാല്‍ അഞ്ച് കളികളിലും സഞ്ജു നിരാശപ്പെടുത്തി. ഇഷാന്‍ കിഷന്‍ ആകട്ടെ നാല് കളികളില്‍ നിന്ന് 53.75 ശരാശരിയിലും 231.18 സ്‌ട്രൈക് റേറ്റിലുമായി 215 റണ്‍സ് അടിച്ചുകൂട്ടി പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനക്കാരന്‍. തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. ഇതോടെ സഞ്ജു ലോകകപ്പ് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തേക്കും !

Related Posts