അവഗണനകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യത്തോടെ പോരാടി മലയാളി താരം സഞ്ജു സാംസണ്‍. ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു പാക്കിസ്ഥാനെ തകര്‍ത്തപ്പോള്‍ മലയാളി താരത്തിന്റെ ഇന്നിങ്‌സ് ഏറെ വിലപ്പെട്ടതായി.
21 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്താണ് പുറത്തായത്. സ്‌കോര്‍ കാര്‍ഡില്‍ നോക്കുമ്പോള്‍ സഞ്ജുവിന്റേത് അത്ര പ്രാധാന്യമില്ലാത്ത പ്രകടനമായി തോന്നിയേക്കാം. എന്നാല്‍ സഞ്ജുവിന്റെ ഈ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യ തോല്‍ക്കുമായിരുന്നു !
മൂന്നാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20-3 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലും. അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ നഷ്ടപ്പെട്ട ഇന്ത്യ പ്രതിരോധത്തിലാണ്. ഒപ്പം ഫൈനല്‍ എന്ന സമ്മര്‍ദ്ദവും. എന്നാല്‍ അതിനു മുന്നിലൊന്നും സഞ്ജു പതറിയില്ല.
തിലക് വര്‍മയെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. ഇരുവരും ഒന്നിച്ച് സ്‌കോര്‍ ബോര്‍ഡിലേക്ക് 57 റണ്‍സ് സംഭാവന ചെയ്തു. സഞ്ജു നാലാം വിക്കറ്റായി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 77 ലേക്ക് എത്തിയിരുന്നു.
ഏഷ്യ കപ്പില്‍ ഏഴ് കളികളിലും ഇന്ത്യക്കായി സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് നാല് കളികളില്‍ മാത്രം. എന്നിട്ടും ഏഷ്യ കപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്‍പതാമനാണ് സഞ്ജു. നാല് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 124.53 സ്‌ട്രൈക് റേറ്റില്‍ 132 റണ്‍സ്. അതില്‍ ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടുകയും കളിയിലെ താരമാകുകയും ചെയ്തു.
സമ്മര്‍ദ്ദങ്ങളിലും ഇന്ത്യക്കായി കളിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നു എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളില്‍ അധികം കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ പൂര്‍ണമായി സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് സമ്മര്‍ദ്ദങ്ങളെല്ലാം മാറ്റിവെച്ച് കളിക്കണമായിരുന്നു. പന്ത് കൃത്യമായി നിരീക്ഷിക്കുക, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക..ഇതുമാത്രമാണ് ഞാന്‍ ചെയ്തത്. അത് വിജയകരമാകുകയും ചെയ്തു. തിലകുമായുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു – സഞ്ജു പറഞ്ഞു.
















