Cricket Homepage Featured Sports

ഏറ്റവും മികച്ചത് ഫൈനലില്‍ കാണിക്കാമെന്ന് പാക്കിസ്ഥാന്‍; ഇന്ത്യ അത്ര ‘കൂളല്ല’

ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാക്കിസ്ഥാനെതിരെ ഏകപക്ഷീയ വിജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് ഫൈനല്‍.

ഏഷ്യ കപ്പിലെ ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താലും പ്ലേയിങ് ഇലവന്‍ നോക്കിയാലും പാക്കിസ്ഥാനുമേല്‍ ഇന്ത്യ ആധിപത്യമുണ്ട്. എന്നാല്‍ ഫൈനലില്‍ അത്ര എളുപ്പത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കാമെന്ന് ഇന്ത്യ കരുതുന്നില്ല. മറുവശത്ത് ഏഷ്യ കപ്പിലെ രണ്ട് തോല്‍വികള്‍ക്കും പലിശ സഹിതം കടംവീട്ടാന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനു വിള്ളലേറ്റ സാഹചര്യത്തില്‍ ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ കേവലം ഒരു ക്രിക്കറ്റ് മത്സരത്തിനു മുകളില്‍ രാഷ്ട്രീയമാനം കൂടിയുള്ളതാണ്.

ദുര്‍ബലമായ ബാറ്റിങ് നിരയാണ് പാക്കിസ്ഥാന്റെ വെല്ലുവിളി. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 26.67 ശരാശരിയില്‍ 160 റണ്‍സെടുത്ത സാഹിബ്‌സദ ഫര്‍ഹാന്‍ മാത്രമാണ് പാക്കിസ്ഥാനു ഏതെങ്കിലും തരത്തില്‍ പ്രതീക്ഷ നല്‍കുന്നത്. ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ് എന്നിവരെ കൂടി ഒഴിവാക്കിയാല്‍ വളരെ ദുര്‍ബലമായ ബാറ്റിങ് യൂണിറ്റ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്‍പില്‍ പാക്കിസ്ഥാന്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

പാക്കിസ്ഥാനെ അപേക്ഷിച്ചു ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമാണെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോംഔട്ട് വലിയ തലവേദനയാണ്. ഏഷ്യ കപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 15 ല്‍ താഴെ ശരാശരിയില്‍ 71 റണ്‍സാണ് സൂര്യ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഫൈനലില്‍ സൂര്യ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ആറ് കളികളില്‍ നിന്ന് 108 റണ്‍സുള്ള ശുഭ്മാന്‍ ഗില്ലും പ്രതീക്ഷയ്‌ക്കൊത്തു ഉയര്‍ന്നിട്ടില്ല.

ഫീല്‍ഡിങ് പിഴവുകളും ഇന്ത്യയെ വലയ്ക്കുന്നുണ്ട്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ നാലും ബംഗ്ലാദേശിനെതിരെ അഞ്ചും ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. ഫൈനലിനു മുന്നോടിയായി ഇന്ത്യക്ക് പ്രത്യേക ഫീല്‍ഡിങ് പരിശീലനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പേശി വലിവ് മൂലം ഹാര്‍ദിക്ക് കളംവിട്ടിരുന്നു. ടീം ഫിസിയോയുടെ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍. ഹാര്‍ദിക്കിനു കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉച്ചയോടെ തീരുമാനമെടുക്കും.

ഇന്ത്യ, സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ / ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

Related Posts