ഏഷ്യ കപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ-പാക്കിസ്ഥാന് പോരിനു കളമൊരുങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിനും പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടക്കണമെന്നില്ല. ഫൈനലില്‍ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ അപരാജിതരെങ്കിലും ഇന്ത്യക്ക് ചില ആശങ്കകളുണ്ട്.
തുടര്‍ച്ചയായ ഫീല്‍ഡിങ് പിഴവുകളാണ് ഇന്ത്യ നേരിടുന്ന ആദ്യത്തെ തലവേദന. പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഞ്ച് ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആറ് ക്യാച്ചുകളും. ഫീല്‍ഡിങ് പിഴവുകള്‍ പരിഹരിക്കാതിരുന്നാല്‍ ഫൈനലില്‍ ഇന്ത്യ വലിയ വില കൊടുക്കേണ്ടിവരും. ഫൈനലിനു മുന്നോടിയായി ഇന്ത്യക്ക് പ്രത്യേക ഫീല്‍ഡിങ് പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം.
പാക്കിസ്ഥാനെതിരായ മത്സരമെന്ന സമ്മര്‍ദ്ദമാണ് മറ്റൊരു വെല്ലുവിളി. ഏഷ്യ കപ്പിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യ-പാക്കിസ്ഥാന് പോര് വിവാദങ്ങളുടേത് കൂടിയായിരുന്നു. പാക്കിസ്ഥാനെതിരായ ‘ഹൈ പ്രഷര്‍’ മാച്ചുകളെ സമര്‍ത്ഥമായി നേരിട്ടിരുന്ന വിരാട് കോലിയെ പോലൊരു മാച്ച് വിന്നര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണ്. പാക്കിസ്ഥാന് താരങ്ങളുടെ പ്രകോപനത്തെ ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്നത് മത്സരത്തിന്റെ ഫലത്തെ ബാധിക്കും. ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുകയായിരിക്കും ഹാരിസ് റൗഫ് അടക്കമുള്ള പാക് താരങ്ങളുടെ ലക്ഷ്യം.
ഇന്ത്യ നടത്തുന്ന മധ്യനിരയിലെ പരീക്ഷണം ഫൈനല്‍ പോലൊരു ‘ഹൈ പ്രഷര്‍’ മത്സരത്തില്‍ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ശിവം ദുബെയെ ഫിനിഷറായും സഞ്ജു സാംസണെ നാലാമതോ അഞ്ചാമതോ ഇറക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.
ഫോംഔട്ട് തുടരുന്ന നായകന് സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യയുടെ മറ്റൊരു തലവേദന. ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47, മൂന്ന് പന്തില്‍ പൂജ്യം, 11 പന്തില്‍ അഞ്ച് എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്കോറുകള്‍. നാല് ഇന്നിങ്സുകളില്‍ നിന്നായി വെറും 59 റണ്‍സ് മാത്രം. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് സൂര്യയുടെ പേരിലാണ്.
















