വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. താരതമ്യേന ദുര്‍ബലരെങ്കിലും വിന്‍ഡീസിനെ വില കുറച്ചുകാണാന്‍ ഇന്ത്യ തയ്യാറല്ല. അതുകൊണ്ടാണ് ജസ്പ്രിത് ബുംറയ്ക്കു വിശ്രമം അനുവദിക്കാതെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോഴും ഇന്ത്യയുടെ ‘മൂന്നാം നമ്പര്‍’ തലവേദനയ്ക്കു മാത്രം പരിഹാരമായിട്ടില്ല.
സായ് സുദര്‍ശനു സുവര്‍ണാവസരം
ഇംഗ്ലണ്ട് പര്യടനത്തില്‍ അവസരം നല്‍കിയ സായ് സുദര്‍ശനു തുടര്‍ന്നും മൂന്നാം നമ്പറില്‍ പരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 140 റണ്‍സാണ് സായ് സുദര്‍ശന്‍ സ്‌കോര്‍ ചെയ്തത്. 0, 30, 61, 0, 38, 11 എന്നിങ്ങനെയാണ് സായ് സുദര്‍ശന്റെ ഇംഗ്ലണ്ടിലെ സ്‌കോറുകള്‍. കണക്കുകളില്‍ അത്ര ഇംപാക്ട് ഉണ്ടാക്കിയിട്ടില്ലെങ്കിലും തുടര്‍ച്ചയായി അവസരം നല്‍കിയാല്‍ സായ് സുദര്‍ശന്‍ തിളങ്ങുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം. 23 കാരനായ സായ് സുദര്‍ശന്റെ പ്രായക്കുറവും അനുകൂല ഘടകമാണ്. ചേതേശ്വര്‍ പുജാരയ്ക്കു ശേഷം മൂന്നാം നമ്പറിലേക്ക് വിശ്വസ്തനായ ബാറ്ററെ ലഭിക്കാത്ത ഇന്ത്യ നിലവില്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് സായ് സുദര്‍ശനില്‍ ആണ്.
കരുണിന് ‘നോ മോര്‍ ചാന്‍സസ്’
34 ലേക്ക് കടക്കുന്ന കരുണ്‍ നായര്‍ക്ക് ഇനി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുക ദുഷ്‌കരമാണ്. ഇംഗ്ലണ്ട് പര്യടനത്തിലെ കരുണിന്റെ പ്രകടനത്തില്‍ ബിസിസിഐയ്ക്കു ഒട്ടും തൃപ്തിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ കരുണിനു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ പൂര്‍ണമായും തഴഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തില്‍ എട്ട് ഇന്നിങ്‌സുകളില്‍ 205 റണ്‍സ് മാത്രമാണ് കരുണ്‍ നേടിയത്. ശരാശരി 25.62, ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 57 റണ്‍സ് ! ലീഡ്‌സ് ടെസ്റ്റില്‍ 0, 20 എന്നിവയാണ് കരുണിന്റെ വ്യക്തിഗത സ്‌കോര്‍. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് (31, 26), ലോര്‍ഡ്‌സ് (40, 14), ഓവല്‍ (57, 17) എന്നിങ്ങനെയാണ് കരുണ്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.
സര്‍ഫ്രാസിനു എന്തുപറ്റി?
സര്‍ഫ്രാസ് ഖാനെ തഴഞ്ഞുകൊണ്ട് ദേവ്ദത്ത് പടിക്കലിനു അവസരം നല്‍കിയത് ഇന്ത്യന്‍ ആരാധകരെ അത്ഭുതപ്പെടുത്തി. റിഷഭ് പന്തിന്റെ അഭാവത്തില്‍ അഞ്ചാമനായി സര്‍ഫ്രാസ് ടീമിലെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പരുക്കിനെ തുടര്‍ന്നാണ് സര്‍ഫ്രാസിനെ ടീമിലെടുക്കാന്‍ സാധിക്കാത്തതെന്നാണ് ബിസിസിഐ വിശദീകരണം. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ് സര്‍ഫ്രാസെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
















