Cricket Homepage Featured Sports

കടുത്ത അവഗണനയിലും പരാതികളില്ലാതെ സഞ്ജു; വിചിത്ര ന്യായീകരണവുമായി ക്യാപ്റ്റന്‍

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അവഗണിക്കപ്പെട്ടതില്‍ ആരാധകര്‍ ക്ഷുഭിതരാണ്. ഓപ്പണറായോ മൂന്നാമനായോ ബാറ്റ് ചെയ്യേണ്ട സഞ്ജുവിനെ അഞ്ചാമനാക്കിയുള്ള ടീം മാനേജ്‌മെന്റ് തീരുമാനം പോലും വിമര്‍ശിക്കപ്പെടുന്ന സമയത്താണ് താരത്തെ എട്ടാം നമ്പറിലേക്ക് ഇറക്കിയുള്ള വിചിത്രമായ പരീക്ഷണം.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ടീമിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ടോപ് ഓര്‍ഡറില്‍ മികച്ച റെക്കോര്‍ഡുകളുള്ള സഞ്ജു ബാറ്റ് ചെയ്യാനെത്തിയില്ല. കണക്കുകളില്‍ സഞ്ജുവിനേക്കാള്‍ താഴെ നില്‍ക്കുന്ന ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കു ബാറ്റിങ് ഓര്‍ഡറില്‍ കാര്യമായ പരിഗണന ലഭിക്കുകയും ചെയ്തു.

ഫിനിഷറായി ടീമിലെടുത്ത ശിവം ദുബെ ക്രീസിലെത്തിയത് മൂന്നാമനായി. ടി 20 ഫോര്‍മാറ്റില്‍ 29 ഇന്നിങ്‌സുകളില്‍ നിന്ന് 28.84 ശരാശരിയില്‍ 548 റണ്‍സാണ് ദുബെ ഇന്ത്യക്കായി നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് 138.04 ആണ്. അതേസമയം സഞ്ജു 148.33 സ്‌ട്രൈക് റേറ്റില്‍ ഇന്ത്യക്കായി 40 ഇന്നിങ്‌സുകളില്‍ നിന്ന് 930 റണ്‍സ് എടുത്തിട്ടുണ്ട്. മികച്ച ഇന്നിങ്‌സുകളെല്ലാം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തപ്പോഴും. എന്നിട്ടും സഞ്ജുവിനെ കണ്ടഭാവം നടിച്ചില്ല ടീം മാനേജ്‌മെന്റ്. ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കും സഞ്ജുവിനേക്കാള്‍ സ്‌ട്രൈക് റേറ്റ് കുറവാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലും സഞ്ജുവിനേക്കാള്‍ മുന്‍പ് ബാറ്റ് ചെയ്യാന്‍ ശിവം ദുബെയ്ക്കു അവസരം ലഭിച്ചിരുന്നു.

കടുത്ത അവഗണനകള്‍ക്കിടയിലും ടീം മാനേജ്‌മെന്റിനെ തള്ളിപ്പറയാന്‍ സഞ്ജു തയ്യാറായില്ല. ടീമിനു വേണ്ടി ജോക്കര്‍ ആകാനും വില്ലന്‍ ആകാനും താന്‍ തയ്യാറാണെന്നാണ് ഇന്ത്യയുടെ ഇന്നിങ്‌സിനു ശേഷമുള്ള ഇടവേളയില്‍ ബ്രോഡ്കാസ്റ്റ് അവതാരകന്‍ സഞ്ജയ് മഞ്ജരേക്കര്‍ക്കു സഞ്ജു മറുപടി നല്‍കിയത്. ‘ചിലപ്പോള്‍ എനിക്ക് വില്ലനാകേണ്ടി വരും, അല്ലെങ്കില്‍ ജോക്കറുടെ റോള്‍. ഏത് സാഹചര്യത്തിലും ഞാന്‍ കളിക്കണം. ഓപ്പണറായി സെഞ്ചുറി നേടിയതുകൊണ്ട് ആദ്യ മൂന്നില്‍ തന്നെ സ്ഥാനം വേണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇതിലും പരിശ്രമിക്കട്ടെ. എന്തുകൊണ്ട് എനിക്ക് മികച്ചൊരു വില്ലന്‍ ആയിക്കൂടാ?,’ സഞ്ജു പറഞ്ഞു.

അതേസമയം ശിവം ദുബെയ്ക്കു നേരത്തെ അവസരം നല്‍കിയതിനെ ന്യായീകരിക്കുകയാണ് നായകന്‍ സൂര്യകുമാര്‍ യാദവ് ചെയ്തത്. ബംഗ്ലാദേശിനു ഇടം കൈയന്‍ സ്പിന്നര്‍ നസും അഹമ്മദും റിഷാദ് ഹൊസൈനും ഉണ്ട്. സ്പിന്നിനെ കളിക്കാന്‍ ദുബെയാണ് അനുയോജ്യന്‍. ഏഴ് മുതല്‍ 15 ഓവര്‍ വരെ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബെയെ മൂന്നാമത് ഇറക്കിയത്. ആ തീരുമാനം വളരെ പെര്‍ഫക്ട് ആയിരുന്നെന്നും സൂര്യകുമാര്‍ പറഞ്ഞു.

Related Posts