ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) യുഎസ്എ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിയെടുത്തിരിക്കുകയാണ്. ഐസിസി അംഗത്വവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ തുടര്‍ച്ചയായി ലംഘനങ്ങള്‍ നടത്തിയതാണ് നടപടിക്ക് കാരണം. യുഎസ്എ ക്രിക്കറ്റ് ബോര്‍ഡിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനാണ് ഐസിസി തീരുമാനം.
2028 ല്‍ ലോസ് ആഞ്ചല്‍സ് അതിഥേയത്വം വഹിക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ യുഎസിനു ക്രിക്കറ്റ് കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
യുഎസ്എ ക്രിക്കറ്റ് ബോര്‍ഡ് മൂന്ന് ഗുരുതര ലംഘനങ്ങള്‍ നടത്തിയെന്നാണ് ഐസിസിയുടെ ചാര്‍ജ് ഷീറ്റില്‍ പറയുന്നത്. ഭരണകാര്യങ്ങള്‍ക്കായി കൃത്യമായ ഒരു ഘടന രൂപീകരിക്കാന്‍ യുഎസ് ക്രിക്കറ്റിനു സാധിച്ചിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനും സമഗ്രമായ ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും യുഎസ് ക്രിക്കറ്റ് ബോര്‍ഡിനു സാധിച്ചിട്ടില്ലെന്നും ഐസിസി കണ്ടെത്തി.
ഐസിസി ഭരണഘടന പ്രകാരം ഐസിസി അംഗമെന്ന നിലയില്‍ പാലിക്കേണ്ടിയിരുന്ന നിയമങ്ങളിലും ചട്ടങ്ങളിലും യുഎസ് ക്രിക്കറ്റ് ബോര്‍ഡ് തുടര്‍ച്ചയായി വീഴ്ച വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ നടപടി പെട്ടന്നായിരുന്നില്ലെന്നും അംഗത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പിഴവ് സംഭവിച്ച കാര്യങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഐസിസി യുഎസ് ക്രിക്കറ്റ് ബോര്‍ഡിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു വഴികളില്ലാതെ വന്നതോടെയാണ് യുഎസ് ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യുന്ന തീരുമാനത്തിലേക്ക് ഐസിസി എത്തിയത്.
സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെങ്കില്‍ ഐസിസി മാനദണ്ഡപ്രകാരം ഭരണസമിതി തിരഞ്ഞെടുപ്പ് അടക്കം യുഎസ് ക്രിക്കറ്റ് ബോര്‍ഡ് നടത്തേണ്ടിവരും. അതേസമയം ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പുരുഷ, വനിത താരങ്ങള്‍ക്കു ഐസിസി ഇളവ് അനുവദിച്ചിട്ടുണ്ട്. താരങ്ങള്‍ക്കു ഐസിസി പരിപാടികളില്‍ പങ്കെടുക്കാം. ഒളിംപിക്‌സ് ക്രിക്കറ്റിനായി തയ്യാറെടുപ്പുകള്‍ നടത്താനും അവസരമുണ്ട്.
















