2023 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു മൂന്ന് വിക്കറ്റിനു ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങി. ഇതിന്റെ നിരാശയിലാണ് ഡി കോക്ക് ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് ഏതാണ്ട് രണ്ട് വര്‍ഷം ആകുമ്പോഴാണ് 50 ഓവര്‍ ഫോര്‍മാറ്റിലേക്ക് ഡി കോക്ക് തിരിച്ചെത്തുന്നത്. വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കുകയാണെന്നും രാജ്യത്തിനു വേണ്ടി കളിക്കാന്‍ തോല്‍പര്യമുണ്ടെന്നും ഡി കോക്ക് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി കോക്കിനെ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2023 ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു ഡി കോക്ക്. റണ്‍വേട്ടയില്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തും. 10 ഇന്നിങ്‌സുകളില്‍ നിന്ന് 59.40 ശരാശരിയില്‍ 594 റണ്‍സാണ് ഡി കോക്ക് നേടിയത്. സര്‍വ്വതും ടീമിനായി നല്‍കിയിട്ടും ലോകകപ്പ് സ്വന്തമാക്കാന്‍ സാധിക്കാത്തതില്‍ ഡി കോക്കിനു കടുത്ത നിരാശയുണ്ടായിരുന്നു. ഇതായിരുന്നു പെട്ടന്നുള്ള വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചത്.
2023 നു പകരംവീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഡി കോക്കിന്റെ ഇപ്പോഴത്തെ തിരിച്ചുവരവ്. 2027 ല്‍ ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നവരില്‍ ദക്ഷിണാഫ്രിക്കയുമുണ്ട്. ആദ്യ ഏകദിന ലോകകപ്പ് കിരീടം സ്വന്തം രാജ്യത്തുവെച്ച് തന്നെ ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡി കോക്ക് വിരമിക്കല്‍ തീരുമാനം മാറ്റിയത്.
അതോടൊപ്പം 2023 ഏകദിന ലോകകപ്പിനു ശേഷം ടീം മാനേജ്‌മെന്റുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു ഡി കോക്ക്. തെംബ ബാവുമ നായകസ്ഥാനത്തു നിന്ന് മാറി ഡേവിഡ് മില്ലര്‍ ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുത്തതും ഡി കോക്കിന്റെ മനംമാറ്റത്തിനു കാരണമായി. നായകന്‍ ഡേവിഡ് മില്ലറും ടീം മാനേജ്‌മെന്റും ഡി കോക്കിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌തെന്നാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
















