കൊച്ചി: വിവാദങ്ങൾ അവസാനിപ്പിച്ച് ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ കേരളത്തിലെസൗഹൃദ മത്സരത്തിന് അന്തിമ തീരുമാനമായി. അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറി. ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഖത്തർ ലോകകപ്പിൽ അര്‍ജന്റീനയുമായി ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന കളി ജയിച്ചു.
അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ചൊവ്വാഴ്ച കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തും. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും. ഒരാഴ്ച മുൻപ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. നവംബർ 15-ന് അർജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 15-നും 18-നും ഇടയിലാകും മത്സരം നടക്കുക.
















