Cricket Homepage Featured Sports

സഞ്ജുവിനെ കുറ്റം പറയുന്നവര്‍ ഈ യാഥാര്‍ഥ്യം മറക്കുകയാണോ? ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ബിസിസിഐ

ഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞുനില്‍ക്കുകയാണ്. ക്രീസിലെത്തിയതു മുതല്‍ സഞ്ജു സമ്മര്‍ദ്ദത്തിലായിരുന്നെന്ന് വ്യക്തമാണ്. സഞ്ജുവിനു ഈ സമ്മര്‍ദ്ദം നല്‍കിയ ബിസിസിഐ, ടീം സെലക്ടര്‍മാര്‍ എന്നിവരാണ് യഥാര്‍ഥത്തില്‍ ഈ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടത്.

സഞ്ജു ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഇന്ത്യ 123/3 എന്ന നിലയിലായിരുന്നു. ഇന്ത്യ ജയം ഉറപ്പിച്ച സമയം. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനു സാധിക്കുമായിരുന്നു എന്ന വസ്തുത മറച്ചുവയ്ക്കുന്നില്ല. ഈ സമയത്ത് 46 പന്തില്‍ 49 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 17 പന്തുകള്‍ നേരിട്ട സഞ്ജു 13 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ബൗണ്ടറി നേടിയ കവര്‍ ഡ്രൈവ് മാത്രമാണ് ആരാധകരെ തൃപ്തിപ്പെടുത്തിയ ഏക ഷോട്ട്. ഒടുവില്‍ ഹാരിസ് റൗഫിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആയി.

ഒമാനെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 45 പന്തില്‍ 56 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററും കളിയിലെ താരവുമായതാണ്. താരത്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് അനുയോജ്യമായ പൊസിഷനാണ് ഓപ്പണിങ്ങോ വണ്‍ഡൗണോ ഇറങ്ങുന്നത്. ഒമാനെതിരെ താരം അത് തെളിയിച്ചതുമാണ്. എന്നിട്ടും പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിലേക്ക് എത്തിയപ്പോള്‍ സഞ്ജുവിനെ വീണ്ടും അഞ്ചാം നമ്പറിലേക്ക് ഇറക്കി. ഇത് സഞ്ജുവിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന തീരുമാനമായിരുന്നു. സഞ്ജുവിനു പകരം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാകട്ടെ തുടര്‍ച്ചയായി ടി20 ഫോര്‍മാറ്റില്‍ നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവും.

ഇനി കണക്കുകള്‍ പരിശോധിച്ചാലും സഞ്ജുവിനു യോജിക്കുന്ന പൊസിഷന്‍ ആദ്യ മൂന്നില്‍ ഏതെങ്കിലും ഒന്നാണെന്ന് വ്യക്തമാണ്. ട്വന്റി 20 ക്രിക്കറ്റില്‍ ഓപ്പണറായി 69 ഇന്നിങ്‌സുകളില്‍ നിന്ന് 29.56 ശരാശരിയും 144.83 സ്‌ട്രൈക് റേറ്റുമായി 1922 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. മൂന്നാം നമ്പറിലേക്ക് വരുമ്പോള്‍ 134 ഇന്നിങ്‌സുകളില്‍ 35.82 ശരാശരിയും 137.66 സ്‌ട്രൈക് റേറ്റുമായി 4,192 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ നാല് മുതല്‍ ഏഴ് വരെയുള്ള നമ്പറുകളിലേക്ക് വരുമ്പോള്‍ ശരാശരിയും സ്‌ട്രൈക് റേറ്റും ക്രമാതീതമായി കുറയുന്നു. സഞ്ജു ഏഷ്യ കപ്പില്‍ കളിക്കുന്ന അഞ്ചാം നമ്പറില്‍ 11 ഇന്നിങ്‌സുകളില്‍ നിന്ന് 12 ശരാശരിയില്‍ നേടിയിരിക്കുന്നത് 108 റണ്‍സ് മാത്രമാണ്. സ്‌ട്രൈക് റേറ്റ് ആകട്ടെ വെറും 128.57 ! സഞ്ജുവിനു യോജിക്കാത്ത പൊസിഷനില്‍ തുടര്‍ച്ചയായി അവസരം നല്‍കികൊണ്ട് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്ന് സഞ്ജു ആരാധകര്‍ വിമര്‍ശിക്കുന്നു.

Related Posts