ന്യൂഡൽഹി: ഡൽഹിയുടെ മുൻ ബാറ്റ്സ്മാൻ മിഥുൻ മൻഹാസ് ബിസിസിഐയുടെ അധ്യക്ഷനായേക്കുമെന്ന് സൂചന. ഈ മാസം 28 ന് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ബിസിസിയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഇതിൽ പ്രധാന സ്ഥാനാർഥിയാണ് മിഥുൻ മൻഹാസ്.
നിർഭാഗ്യം കൊണ്ട് മാത്രം ഇന്ത്യൻ ടീമിലേക്കെത്താൻ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ കളിക്കാരനാകാൻ മൻഹാസിന് കഴിഞ്ഞിരുന്നു. രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടിയും ഐ പി എൽ സീസണുകളിൽ ഡൽഹി പൂണെ ചെന്നൈ ടീമുകൾക്ക് വേണ്ടിയുമാണ് മൻഹാസ് കളിച്ചിട്ടുള്ളത്. നിലവിൽ ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്ററാണ് മിഥുൻ മൻഹാസ്.
ഓൾ റൗണ്ടറായിരുന്ന റോജർ ബിന്നി അധ്യക്ഷ പദവിയിൽ നിന്ന് 70 വയസ്സെന്ന പ്രായപരിധി പിന്നിട്ടതിനെത്തുടർന്ന് പുറത്തിറങ്ങിയ ശേഷം താൽക്കാലിക അധ്യക്ഷനായ രാജീവ് ശുക്ലയാണ് നിലവിലുള്ളത് സെപ്റ്റംബർ 21 ഞായറാഴ്ചയാണ് നോമിനേഷൻ നൽകാനുള്ള അവസാന തീയതി.
ബിസിസിഐ സെക്രട്ടറിയായി ദേവജിത് സാകിയ തുടരും. മുൻ ഇന്ത്യൻ സ്പിന്നർ രഘുറാം ഭട്ടാണ് ട്രഷറർ സ്ഥാനത്തേക്ക് എത്താൻ സാധ്യത. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം രാജീവ് ശുക്ല വൈസ് പ്രസിഡൺായി ബി സി സി ഐയിൽ തുടരും. പ്രഭ്തേജ് ഭാട്ടിയ ജോയന്റ് സെക്രട്ടറി സ്ഥാനം നിലനിർത്താനും സാധ്യതയുണ്ട്.
















