ഏഷ്യ കപ്പിലെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ച പാക്കിസ്ഥാനാണ് ഇന്ത്യക്ക് ഇന്ന് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നെങ്കിലും സൂപ്പര്‍ ഫോറില്‍ കളി ഏകപക്ഷീയമാകില്ലെന്നു ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ കളികളും ജയിച്ചെങ്കിലും ഇന്ത്യക്ക് പരിഹരിക്കാന്‍ ഒന്നിലേറെ ആശങ്കകള്‍ ഇനിയുമുണ്ട്.
ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഫോംഔട്ടാണ് പ്രധാന തലവേദന. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ബിസിസിഐ സെലക്ടര്‍മാരും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ഗില്ലിനെ ഏഷ്യ കപ്പില്‍ ഓപ്പണറാക്കിയിരിക്കുന്നത്. മാത്രമല്ല ഉപനായകസ്ഥാനവും നല്‍കി. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ഒന്‍പത് പന്തില്‍ പുറത്താകാതെ 20 റണ്‍സെടുത്തത് ഒഴിച്ചാല്‍ ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാക്കാന്‍ ഗില്ലിനു സാധിച്ചിട്ടില്ല.
പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഏഴ് പന്തില്‍ 10 റണ്‍സ്, ഒമാനെതിരെ എട്ട് പന്തില്‍ അഞ്ച് എന്നിങ്ങനെയാണ് ഗില്ലിന്റെ മറ്റു സ്‌കോറുകള്‍. മൂന്ന് ഇന്നിങ്‌സുകളിലായി 24 പന്തില്‍ 35 റണ്‍സ്. ഏഷ്യ കപ്പ് പ്ലേയിങ് ഇലവനിലെ ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് ശരാശരിയും സ്‌ട്രൈക് റേറ്റും ഓപ്പണറായ ഗില്ലിനാണ്. ഒമാനെതിരായ മത്സരത്തില്‍ ഷാ ഫൈസലിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡ് ആയത് ടി20 ഫോര്‍മാറ്റിനോടു താരം പൂര്‍ണമായി പൊരുത്തപ്പെട്ടിട്ടില്ലെന്നതിന്റെ സൂചനയാണ്.
സൂപ്പര്‍ ഫോറിലും ഗില്ലിനെ ഇന്ത്യ കൈവിടില്ല. ഉപനായകനായതിനാല്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ ഓപ്പണറാകും. എന്നാല്‍ ഇന്നും നിരാശപ്പെടുത്തിയാല്‍ ടീം മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഗില്‍ ടി20 ഫോര്‍മാറ്റിനോടു പൂര്‍ണമായി പൊരുത്തപ്പെടാത്തതാണ് ഇപ്പോഴത്തെ ഫോംഔട്ടിന്റെ കാരണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. റെഡ് ബോള്‍ ക്രിക്കറ്റിനു ചേര്‍ന്ന ഫൂട് മൂവ്‌മെന്റ് അടക്കം ഗില്‍ ട്വന്റി 20 ഫോര്‍മാറ്റിലും ആവര്‍ത്തിക്കുകയാണ്. ഇത് പരിഹരിച്ചാല്‍ മാത്രമേ ഗില്ലിനു ഏഷ്യ കപ്പില്‍ തിളങ്ങാന്‍ സാധിക്കൂവെന്നാണ് ആരാധകരും പറയുന്നത്.
അതേസമയം ഗില്ലിനു വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ബലിയാടാകും. ഒമാനെതിരായ മത്സരത്തില്‍ വണ്‍ഡൗണ്‍ ഇറങ്ങി ഇന്ത്യയുടെ ടോപ് സ്‌കോററും കളിയിലെ താരവുമായ സഞ്ജുവിന് ഇന്ന് ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോഷന്‍ ഉണ്ടാകില്ല. അഞ്ചാമതോ ആറാമതോ ആയാകും സഞ്ജുവിനെ ഇന്നും പരീക്ഷിക്കുക. ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ടീം മാനേജ്‌മെന്റ് സഞ്ജുവിനു നേരെ കണ്ണടയ്ക്കുന്നത് പ്ലേയിങ് ഇലവനില്‍ ഗില്‍ ഉണ്ടാകണമെന്ന നിര്‍ബന്ധത്താലാണ്. ഗില്‍ ഇല്ലെങ്കില്‍ മാത്രമേ സഞ്ജുവിനു തന്റെ സ്വതസിദ്ധമായ ബാറ്റിങ് നമ്പറിലേക്ക് (ഓപ്പണിങ്ങോ വണ്‍ഡൗണോ) തിരിച്ചെത്താന്‍ അവസരം ലഭിക്കൂ.
















