Cricket Homepage Featured Sports

എല്ലാവരും പോയി ബാറ്റ് ചെയ്‌തോ, ഞാനിവിടെ ഇരിക്കാം; സൂര്യകുമാര്‍ ഇറങ്ങാത്തതിനു പിന്നില്‍ ഒരു തന്ത്രമുണ്ട് !

ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഹതാരങ്ങള്‍ക്കു ബാറ്റിങ്ങില്‍ അവസരം നല്‍കാന്‍ വേണ്ടി സൂര്യകുമാര്‍ സ്വയം പിന്നിലേക്ക് ഇറങ്ങിയതാണ് കൈയടിക്കു കാരണം. എന്തെങ്കിലും പരുക്കിനെ തുടര്‍ന്നാണോ ഇന്ത്യന്‍ നായകന്‍ ബാറ്റിങ്ങിനു ഇറങ്ങാത്തതെന്ന് ആരാധകര്‍ ഒരുഘട്ടത്തില്‍ ഭയക്കുക പോലും ചെയ്തു. എന്നാല്‍ സൂര്യകുമാര്‍ ബാറ്റിങ്ങിനു ഇറങ്ങാത്തത് ഇന്ത്യയുടെ ഒരു തന്ത്രത്തിന്റെ ഭാഗമായാണ് !

ഏഷ്യ കപ്പിലെ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒന്നാമത്തെ ടീമാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികളും ജയിച്ച് സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് സ്റ്റേജിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇന്നലെ ഒമാനെതിരെ നടന്നത്. ഈ മത്സരത്തിന്റെ ഫലം ഒരുതരത്തിലും ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പ്രവേശനത്തെ ബാധിക്കില്ല. അതുകൊണ്ട് തന്നെ അപ്രസക്തമായ ഒരു മത്സരത്തെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് വലിയൊരു അവസരമായി കണ്ടു. ഏഷ്യ കപ്പില്‍ ബാറ്റ് ചെയ്യാത്ത താരങ്ങള്‍ക്കു അവസരം നല്‍കുകയായിരുന്നു സൂര്യയുടെ ലക്ഷ്യം.

മൂന്നാമതോ നാലാമതോ ആയി ക്രീസിലെത്തുന്ന സൂര്യ ഒമാനെതിരായ മത്സരത്തില്‍ ബാറ്റിങ് വേണ്ടെന്നുവച്ചു. മൂന്നാമതായി മലയാളി താരം സഞ്ജു സാംസണെയും നാലാമനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും ഇറക്കി.

മൂന്നും നാലും നമ്പറുകളില്‍ സൂര്യ ഇറങ്ങാതെയായപ്പോള്‍ ആരാധകര്‍ കരുതി അഞ്ചാമതോ ആറാമതോ ആയി താരം ക്രീസിലെത്തുമെന്ന്. എന്നാല്‍ അവിടെയും സൂര്യ ഒരു ട്വിസ്റ്റ് നല്‍കി. ബൗളര്‍മാരായ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരെ കൊണ്ട് ബാറ്റെടുപ്പിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ ബാറ്റ് ചെയ്യാത്തവര്‍ക്കു അവസരം നല്‍കുന്നതിനൊപ്പം ഇന്ത്യയുടെ വാലറ്റത്തെ പരീക്ഷിക്കുക കൂടിയായിരുന്നു സൂര്യയുടെ ലക്ഷ്യം. കളിയില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. അപ്പോഴും സൂര്യ ബാറ്റ് ചെയ്യാനെത്തിയില്ല.

ഇന്ത്യയുടെ ഇന്നിങ്‌സില്‍ പ്ലേയിങ് ഇലവനിലെ പത്ത് പേരും ക്രീസിലെത്തി, ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്നത് നായകന്‍ സൂര്യകുമാര്‍ മാത്രമാണ്. സഹതാരങ്ങള്‍ക്കു ഇത്രയും അവസരം നല്‍കുന്ന നായകന്‍ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ് റണ്‍സ് നേടിയ സൂര്യകുമാര്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 37 പന്തില്‍ പുറത്താകാതെ 47 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു.

Related Posts