ജസ്പ്രിത് ബുംറയ്ക്കോ മുഹമ്മദ് ഷമിക്കോ അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അര്‍ഷ്ദീപ് സിങ്. രാജ്യാന്തര ട്വന്റി 20യില്‍ ഇന്ത്യക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി. ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തിനിടെയാണ് ഈ സുവര്‍ണനേട്ടം.
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യക്കായി ആദ്യ ട്വന്റി 20 കളിക്കുന്നത്. മൂന്ന് വര്‍ഷവും 74 ദിവസവും കൊണ്ടാണ് ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ഷ്ദീപിന്റെ 100 വിക്കറ്റ് നേട്ടം. ഇന്ത്യക്കായി ഇതുവരെ 64 ട്വന്റി 20 മത്സരങ്ങള്‍ അര്‍ഷ്ദീപ് കളിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 25-ാമത്തെ താരവുമാണ് അര്‍ഷ്ദീപ്.
ഒമാനെതിരായ മത്സരത്തില്‍ വിനായക് ശുക്ലയുടെ വിക്കറ്റ് സ്വന്തമാക്കിയപ്പോഴാണ് അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി തികച്ചത്. രാജ്യാന്തര ട്വന്റി 20 യില്‍ 96 വീതം വിക്കറ്റുകളുള്ള യുസ്വേന്ദ്ര ചഹലും ഹാര്‍ദിക് പാണ്ഡ്യയുമാണ് അര്‍ഷ്ദീപ് സിങ്ങിനു തൊട്ടുപിന്നില്‍.
64 മത്സരങ്ങള്‍ കളിച്ച അര്‍ഷ്ദീപ് സിങ് 1,329-ാം പന്തിലാണ് രാജ്യാന്തര ട്വന്റി 20യിലെ 100-ാം വിക്കറ്റ് സ്വന്തമാക്കിയത്. അതിവേഗം 100 വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമത്. അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റാഷിദ് ഖാന് (53 മത്സരങ്ങള്‍, 1185 പന്തുകള്‍), നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലമിച്ഛാനെ (54 മത്സരം, 1220 പന്തുകള്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
2022, 2024 വര്‍ഷങ്ങളിലെ ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് അര്‍ഷ്ദീപ് സിങ്. 2024 ല്‍ ഇന്ത്യ ടി20 കിരീടം ചൂടുമ്പോള്‍ ടീമിന്റെ ഭാഗം. ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലും അര്‍ഷ്ദീപ് അംഗമായിരുന്നു.
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റുകള്‍ നേടിയ താരം വിനോദ് മങ്കാദ് (23 മത്സരങ്ങള്‍) ആണ്. ഏകദിനത്തില്‍ ഈ നേട്ടം കൈവരിച്ചത് കപില്‍ ദേവ് (77 മത്സരങ്ങള്‍). ഇവര്‍ക്കൊപ്പം ട്വന്റി 20 യില്‍ 100 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ സ്വന്തം പേര് എഴുതി ചേര്‍ക്കാന്‍ അര്‍ഷ്ദീപ് സിങ്ങിനു സാധിച്ചിരിക്കുകയാണ്. 2022 ജൂലൈ മുതല്‍ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് അര്‍ഷ്ദീപ്. 7.50 ഇക്കോണമിയില്‍ 43 വിക്കറ്റുകള്‍. രണ്ടാം സ്ഥാനത്തുള്ള ഫസല്‍ഹഖ് ഫറൂഖിക്ക് 31 വിക്കറ്റുകളാണ് ഉള്ളത്.
















