സൂറിച്: ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൂപ്പുകുത്തി അർജന്റീന. ലോകകപ്പ് വിജയത്തിന് പിന്നാലെ സ്വന്തമാക്കിയ ഒന്നാം സ്ഥാനമാണ് രണ്ട് വർഷത്തിന് ശേഷം ആദ്യമായി അർജന്റീനയ്ക്ക് നഷ്ടമായത്. അർജന്റീന മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ സ്പെയ്ൻ ഒന്നാമതും ഫ്രാൻസ് രണ്ടാമതും എത്തി. 1875.37 പോയിന്റുകളുമായാണ് സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റുമുണ്ട്. 15 പോയന്റുകള്‍ കുറഞ്ഞ അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുണ്ട്.
ഇംഗ്ലണ്ട് നാലാം സ്ഥാനം നിലനിർത്തിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആദ്യ അഞ്ചിലേക്ക് കയറി. ബ്രസീലിനെ പിന്തള്ളിയാണ് പോർച്ചുഗലിന്റെ നേട്ടം. നെതർലൻഡ്സ്, ബെൽജിയം ടീമുകൾ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ക്രൊയേഷ്യയും ഇറ്റലിയും നേട്ടമുണ്ടാക്കി. ഓരോ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇരു ടീമും യഥാക്രമം ഒൻപതും പത്തും സ്ഥാനങ്ങളിലാണ്. ജർമ്മനി ആദ്യ പത്തിൽ നിന്ന് പുറത്താവുകയും ചെയ്തു.
അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് ലോകചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്. ബ്രസീലും ഏറ്റവും ഒടുവിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരം പരാജയപ്പെട്ടിരുന്നു. പോർച്ചുഗലിന്റെ മിന്നും ജയം റാങ്കിങ്ങിലും പ്രതിഫലിക്കുന്നതാണ് കണ്ടത്.
അതേസമയം, ഇന്ത്യ ഒരു സ്ഥാനം പിന്നിലേക്ക് പോയി. നിലവിൽ 134-ാം റാങ്കിലാണ് ഇന്ത്യയുള്ളത്. പുതിയ പരിശീലകൻ ഖാലിദ് ജമീൽ ചുമതലയേറ്റെടുത്ത ശേഷം ഇന്ത്യ വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു. കാഫ നേഷൻസ് കപ്പിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടവും ഏറെ ആഘോഷിക്കപ്പെട്ടതാണ്. എന്നാൽ, റാങ്കിങ്ങിൽ ഇന്ത്യ പിന്നിലേക്ക് പോവുകയായിരുന്നു.
















