Cricket Sports

പത്താന്‍ അഫ്രീദിയെ ‘കുരയ്ക്കുന്ന പട്ടി’യോടു ഉപമിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു: മുഹമ്മദ് യൂസഫ്

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലെ ഷെയ്ക്ക് ഹാന്‍ഡ് വിവാദത്തില്‍ ആരാധകര്‍ മാത്രമല്ല ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങളും കൊണ്ടും കൊടുത്തും വിഷയത്തെ ചൂടുപിടിപ്പിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ പാക്കിസ്ഥാന്റെ മുന്‍താരം മുഹമ്മദ് യൂസഫ് വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്.

പാക്കിസ്ഥാനി ടിവി ചാനലില്‍ സംസാരിക്കുമ്പോഴാണ് മുഹമ്മദ് യൂസഫ് സൂര്യകുമാര്‍ യാദവിനെ അധിക്ഷേപിച്ചു സംസാരിച്ചത്. ചാനലിലെ അവതാരക പോലും മുഹമ്മദ് യൂസഫിന്റെ വാക്കുകള്‍ കേട്ടു ഞെട്ടിപ്പോയി. ‘ സിനിമാ ലോകത്തുനിന്ന് പുറത്തുകടക്കാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. അംപയര്‍മാരെ ഉപയോഗിച്ചു മത്സരം ജയിക്കാനും മാച്ച് റഫറിമാരെ ഉപയോഗിച്ചു പാക്കിസ്ഥാന്‍ ടീമിനെ ദ്രോഹിക്കാനും ശ്രമിക്കുന്ന ഇന്ത്യക്ക് അല്‍പ്പമെങ്കിലും നാണം വേണം,’ എന്നാണ് മുഹമ്മദ് യൂസഫ് പറഞ്ഞത്.

ഇതു പറഞ്ഞതിനു ശേഷം സൂര്യകുമാറിനെതിരെ ശാപവാക്കുകള്‍ പ്രയോഗിക്കാന്‍ തുടങ്ങി. മാധ്യമപ്രവര്‍ത്തക ഇതിനിടെ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ താരത്തിനു വിമര്‍ശനങ്ങളുമെത്തി. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് മുഹമ്മദ് യൂസഫ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

‘ രാജ്യത്തിനു വേണ്ടി കളിക്കുന്ന ഏതെങ്കിലും കായികതാരത്തെ അപമാനിക്കാനല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഷാഹിദ് അഫ്രീദിയെ ഇര്‍ഫാന്‍ പത്താന്‍ ‘കുരയ്ക്കുന്ന പട്ടി’യോടു ഉപമിച്ചപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങളും ജനങ്ങളും അയാളെ പുകഴ്ത്തിയത് എന്തുകൊണ്ടാണ്? ബഹുമാനത്തെയും ആത്മാഭിമാനത്തെയും കുറിച്ച് സംസാരിക്കുന്നവര്‍ ആ പരാമര്‍ശത്തെ തള്ളിക്കളഞ്ഞോ?,’ എന്നാണ് മുഹമ്മദ് യൂസഫിന്റെ വിശദീകരണം.

പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ വിമുഖത കാണിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് പരാതി നല്‍കിയിരുന്നു. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പില്‍ നിന്ന് നിരോധിക്കണമെന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം. ഇന്ത്യന്‍ താരങ്ങള്‍ സ്‌പോര്‍ട്മാന്‍ സ്പിരിറ്റിനെതിരായി പ്രവൃത്തിച്ചപ്പോള്‍ അംപയര്‍ ഇടപെട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ അംപയര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഐസിസിയോ ഏഷ്യ ക്രിക്കറ്റ് കൗണ്‍സിലോ തയ്യാറായില്ല.

Related Posts