Football Homepage Featured Sports

സച്ചിന്റെ ഓമനപ്പേരില്‍ രാജകീയ തുടക്കം, തോറ്റ് തോറ്റ് കടം പെരുകി; ബ്ലാസ്റ്റേഴ്‌സിനു പുതുജീവന്‍ ലഭിക്കുമോ?

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് രൂപീകരിക്കുന്നത്. ഫുട്‌ബോളിനെ ലഹരിയായി കാണുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം ടീമായി നെഞ്ചിലേറ്റി. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ കളികള്‍ക്കും ലഭിച്ചിരുന്ന ആവേശം അതിന്റെ നേര്‍ക്കാഴ്ചയായിരുന്നു.

‘മഞ്ഞപ്പട’ എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അറിയപ്പെടുന്നത്. ട്വല്‍ത്ത് മെന്‍ ആര്‍മിയായി ഗാലറിയില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന മഞ്ഞപ്പടയെ ത്രസിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്. ഉടമകള്‍ ക്ലബിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സമൂഹമാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നത്. നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോര്‍ട്‌സ് ക്ലബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ പോകുന്നതായാണ് വിവരം. ഐഎസ്എല്‍ തുടങ്ങാന്‍ വൈകുന്നതിനിടെയാണ് ക്ലബ് വില്‍ക്കാന്‍ ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ട്.

സച്ചിന്റെ മേല്‍വിലാസത്തില്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ്

പ്രസാദ് പൊട്ട്‌ലൂരിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായിരുന്നു ക്ലബിന്റെ ആദ്യ ഉടമകള്‍. കേരള ബ്ലാസ്റ്റേഴ്‌സിനായി സച്ചിന്‍ കേരളത്തിലെത്തി. സച്ചിന്റെ വിളിപ്പേരായ ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ എന്നതില്‍ നിന്നാണ് ടീമിനു ‘കേരള ബ്ലാസ്റ്റേഴ്‌സ്’ എന്ന പേര് ലഭിക്കുന്നത്. സച്ചിന്റെ മേല്‍വിലാസത്തില്‍ തുടങ്ങിയ ടീമിനു അതിവേഗമാണ് കേരളത്തിനു പുറത്ത് പോലും സ്വീകാര്യത ലഭിച്ചത്. എന്നാല്‍ കളിക്കളത്തില്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി നിറംമങ്ങി.

2016ല്‍ നിമ്മഗഡ്ഡ പ്രസാദ്, നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിക്കുകയായിരുന്നു. ആ സമയത്തും സച്ചിന്‍ ടീമിന്റെ ഭാഗമായി തുടര്‍ന്നു. പിന്നീട് 2018 ല്‍ തന്റെ 20 ശതമാനം ഓഹരി നേരത്തെ പറഞ്ഞ കണ്‍സോര്‍ഷ്യത്തിനു വിറ്റ് സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു ഗുഡ് ബൈ പറഞ്ഞു. 2021 ലാണ് ഈ കണ്‍സോര്‍ഷ്യം, മാഗ്നം സ്പോര്‍ട്സ് എന്നു പേരു മാറ്റിയത്. നിമ്മഗഡ്ഡ പ്രസാദിന്റെ മകനായ നിഖില്‍ ഭരദ്വാജാണ് ക്ലബിന്റെ ചെയര്‍മാന്‍.

കടം പെരുകി, ആരാധകര്‍ക്കു നിരാശയും

ഐഎസ്എല്ലിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാഫ് താഴാന്‍ കാരണം. ഒരു സീസണില്‍ പോലും ചാംപ്യന്‍മാരാകാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചിട്ടില്ല. 2014, 2016, 2021-22 സീസണുകളില്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടപ്പോരില്‍ വീണു. കഴിഞ്ഞ സീസണില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. മോശം പ്രകടനവും ആരാധകര്‍ കൈവിട്ടതുമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കു പ്രധാന കാരണം. ഇതേ തുടര്‍ന്നാണ് ഉടമകള്‍ ക്ലബ് വിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ഉടമകള്‍ കേരളത്തില്‍ നിന്ന്?

കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വാങ്ങാന്‍ തയാറാണെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ചര്‍ച്ചകളും നടക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഔദ്യോഗികമായി ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകളെ നിഷേധിച്ച് കായിക രംഗത്തെ ചില പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

Related Posts