ഏഷ്യ കപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ. ടൂർണമെന്റിലെ തന്നെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. സ്പിന്നർമാർ കളിയുടെ മേധാവിത്വം ഏറ്റെടുത്ത മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് നിശ്ചിത ഓവറിൽ 127 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 പന്ത് ബാക്കി നിൽക്കി വിജയതീരം താണ്ടുകായായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഓപ്പണർ ഫർഹാന്റെയും വാലറ്റത്ത് ഷഹീൻ അഫ്രീദിയുടെയും പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ആറ് റൺസെടുക്കുന്നതിനിടയിൽ ആദ്യ രണ്ട് വിക്കറ്റുകൾ തെറിച്ച പാകിസ്ഥാനെ ഫർഹാന്റെ പ്രകടനമാണ് നിലയുറപ്പിക്കാൻ സഹായിച്ചത്. 44 പന്തിൽ താരം 40 റൺസ് നേടിയപ്പോൾ ഷഹീൻ അഫ്രീദി 16. പന്തിൽ പുറത്താകാതെ 33 റൺസും പാക് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ താരങ്ങൾ ശ്രദ്ധപൂർവമാണ് ബാറ്റ് വീശിയത്. അഭിഷേക് ശർമ 31 റൺസും ഉപനായകൻ ശുഭ്മാൻ ഗിൽ 10 റൺസെടുത്ത് പുറത്തായപ്പോൾ നായകൻ സൂര്യകുമാർ യാദവും തിലക് വർമയുമാണ് ഇന്ത്യയ്ക്ക് വിജയ വഴി തെളിച്ചത്. 31 റൺസിൽ തിലക് കൂടാരം കയറിയെങ്കിലും സൂര്യകുമാർ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.
47 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ശിവം ദുബെ 10 റൺസും കൂട്ടിച്ചേർത്തു. പാകിസ്ഥാനായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് സയിം അയൂബായിരുന്നു.