ഏഷ്യ കപ്പിലെ വാശിയേറിയ പോരാട്ടത്തിനു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നാളെ സാക്ഷ്യംവഹിക്കും. സമീപകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പാക്കിസ്ഥാനു മേല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. എങ്കിലും സൂര്യകുമാര്‍ യാദവും സംഘവും പാക്കിസ്ഥാനെ നിസാരക്കാരായി കാണില്ല.
ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കെണിവയ്ക്കാന്‍ പറ്റിയ അഞ്ച് സ്പിന്നര്‍മാര്‍ പാക്കിസ്ഥാനുണ്ട്. ദുബായിലെ പിച്ചില്‍ സ്പിന്നിനെ സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അതിവേഗം കൂടാരം കയറാന്‍ സാധ്യതയുണ്ട്. ലോകോത്തര സ്പിന്നറെന്നാണ് പാക്കിസ്ഥാന്‍ മുഹമ്മദ് നവാസിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കെതിരെ നവാസ് തന്നെയായിരിക്കും പാക്കിസ്ഥാന്റെ തുറുപ്പുച്ചീട്ട്. രാജ്യാന്തര ട്വന്റി 20 യില്‍ 72 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള നവാസ് അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കു ഭീഷണിയായേക്കാം.
അബ്രാര്‍ അഹമ്മദ്, സുഫിയാന്‍ മുഖീം, സായിം അയൂബ്, സല്‍മാന്‍ അലി അഗ എന്നിവരെയും പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കും. ടി20 യിലെ റണ്ണൊഴുക്കിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇവര്‍ നാല് പേരും. അതുകൊണ്ട് സ്പിന്നര്‍മാരെ ആക്രമിച്ചു കളിക്കുകയെന്ന ശൈലി ഇന്ത്യ പുറത്തെടുക്കില്ല. മറിച്ച് സൂക്ഷ്മതയോടെ മാത്രമേ ഓരോ ബാറ്റര്‍മാരും സ്പിന്നര്‍മാരെ നേരിടൂ. സ്പിന്നിനെ പിന്തുണയ്ക്കുന്ന ദുബായിലെ പിച്ചില്‍ ഈ അഞ്ച് പേരും പാക്കിസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. അതേസമയം ബാറ്റിങ്ങില്‍ ഇന്ത്യ മേല്‍ക്കൈ ഉണ്ട്.
യുഎഇയ്‌ക്കെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യ തുടരാനാണ് സാധ്യത. സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ തുടരും. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരായി തുടരും. സ്പിന്‍ ബൗളിങ്ങിനു പ്രാധാന്യം നല്‍കിയായിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും സ്പിന്‍ ആക്രമണത്തിനു നേതൃത്വം നല്‍കുക.