ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി. കാരണം വേറൊന്നുമല്ല വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മധ്യനിര ബാറ്ററായി. സഞ്ജുവിനു അവസരം ലഭിച്ചതായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത് സഞ്ജുവിനുള്ള ഒരു കെണിയാണെങ്കിലോ?
ഓപ്പണറോ വണ്‍ഡൗണ്‍ ബാറ്ററോ ആയി ഇറക്കേണ്ട താരമാണ് സഞ്ജു. മധ്യനിരയിലോ ഫിനിഷര്‍ റോളിലോ സഞ്ജു ഇതുവരെ തിളങ്ങിയിട്ടില്ല. അങ്ങനെയിരിക്കെ സഞ്ജുവിനു അഞ്ചാം നമ്പര്‍ നല്‍കിയുള്ള നീക്കത്തിനു പിന്നില്‍ മറ്റൊരു ‘പണി’ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നിയാല്‍ ആരാധകരെ കുറ്റം പറയാനും പറ്റില്ല.
അഞ്ചാം നമ്പറില്‍ 20.62 ശരാശരിയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി സഞ്ജു സ്‌കോര്‍ ചെയ്തിരിക്കുന്നത് വെറും 62 റണ്‍സാണ്. എന്നാല്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ അടക്കം 522 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. അങ്ങനെയൊരു താരത്തെ ബാറ്റിങ്ങില്‍ ഏറ്റവും സ്‌ട്രോങ് പൊസിഷനില്‍ നിന്ന് മാറ്റി നടത്തുന്ന പരീക്ഷണം അയാളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനേ ഉപകരിക്കൂ.
മുന്‍ ഇന്ത്യന്‍ താരവും മുന്‍ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് ഈ വിഷയത്തില്‍ നടത്തിയ നിരീക്ഷണം ഏറെ പ്രസക്തമാണ്. അഞ്ചാമനായി ഇറങ്ങി മൂന്ന് ഇന്നിങ്‌സുകളില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടാല്‍ അത് സഞ്ജുവിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ശ്രീകാന്ത് പറയുന്നു.
‘അഞ്ചാം നമ്പറില്‍ സഞ്ജു അധികം ബാറ്റ് ചെയ്തിട്ടില്ല. അദ്ദേഹം ആ പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ട ആവശ്യവുമില്ല. അഞ്ചാമനായി ബാറ്റ് ചെയ്യുന്നത് സഞ്ജുവിന്റെ ആത്മവിശ്വാസം തകര്‍ക്കും. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നുന്നില്ല. ഇത് അദ്ദേഹത്തിന്റെ അവസാന അവസരം ആയിരിക്കുമെന്ന മുന്നറിയിപ്പാണ് എനിക്ക് സഞ്ജുവിനു നല്‍കാനുള്ളത്. അഞ്ചാം നമ്പറില്‍ റണ്‍സ് കണ്ടെത്താന്‍ അടുത്ത മൂന്ന് ഇന്നിങ്സുകളില്‍ സഞ്ജു പരാജയപ്പെട്ടാല്‍ ഉറപ്പായും ശ്രേയസ് അയ്യര്‍ പകരക്കാരനായി ടീമിലെത്തും,’ ശ്രീകാന്ത് പറഞ്ഞു.
ഏഷ്യ കപ്പില്‍ സഞ്ജുവിനു മധ്യനിരയില്‍ അല്ലാതെ മറ്റൊരു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകവും. ഏഷ്യ കപ്പില്‍ അഞ്ചാമനായി ഇറങ്ങി അതിശയിപ്പിക്കുന്ന പ്രകടനം നടത്താന്‍ സാധിക്കാതെ വന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിക്കില്ല. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള ജിതേഷ് ശര്‍മയെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ക്കും പരിശീലകനും താല്‍പര്യമുണ്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള സഞ്ജുവിനെ പുറത്തിരുത്തുന്നത് വിമര്‍ശനങ്ങള്‍ക്കു കാരണമാകുമോ എന്ന ഭയമുണ്ട്. അതുകൊണ്ട് മാത്രമാണ് നിലവില്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചാം നമ്പറില്‍ വെടിക്കെട്ട് പ്രകടനം നടത്തുക മാത്രമാണ് സഞ്ജുവിന്റെ ഭാവിയിലേക്കുള്ള സാധ്യതകള്‍ ഇരട്ടിപ്പിക്കുക.