ഏഷ്യാ കപ്പിലെ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത് പലരെയും ആശ്ചര്യപ്പെടുത്തി. സഞ്ജുവിനു സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെങ്കില്‍ ഓപ്പണര്‍ സ്ഥാനമാണ് വേണ്ടത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമില്‍ ഉള്ളപ്പോള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍പറത്തി സഞ്ജു ഇന്ത്യക്കായി പാഡണിഞ്ഞു.
വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ടീം ലിസ്റ്റ് പ്രകാരം അഞ്ചാമനായി ബാറ്റ് ചെയ്യാനാണ് സഞ്ജു നിയോഗിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ജയം സ്വന്തമാക്കിയതിനാല്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിവന്നില്ല.
ഓപ്പണറാകാന്‍ സാധ്യതയില്ലാഞ്ഞിട്ടും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഒരു തന്ത്രത്തിന്റെ ഭാഗമായാണ്. പവര്‍പ്ലേയില്‍ ഏതെങ്കിലും ഓപ്പണര്‍ ബാറ്ററുടെ വിക്കറ്റ് നഷ്ടമായാല്‍ സഞ്ജുവിനെ ഇറക്കി വിടുകയാണ് ആ തന്ത്രം. പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്ന് ഗംഭീറിനു അറിയാം. അതുകൊണ്ടാണ് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള ജിതേഷ് ശര്‍മ ഉണ്ടായിട്ടും വിക്കറ്റ് കീപ്പറായി സഞ്ജുവിനെ തന്നെ പരിഗണിച്ചത്.
പാക്കിസ്ഥാനെതിരായ മത്സരത്തിലും ഇന്ത്യ പ്ലേയിങ് ഇലവന്‍ തുടരാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഓപ്പണര്‍മാര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുകയാണെങ്കില്‍ അഞ്ചാമനായും അല്ലെങ്കില്‍ പവര്‍പ്ലേയിലെ ‘തുറുപ്പുചീട്ട്’ ആയും സഞ്ജു ഇറങ്ങും.
മാത്രമല്ല സഞ്ജുവിനെ കരുത്ത് മനസിലാക്കിയ ടീം മാനേജ്‌മെന്റ് തുടര്‍ച്ചയായി താരത്തിനു അവസരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 21 തവണ ഡക്കിനു പുറത്തായാലും 22-ാം മത്സരത്തിലും സഞ്ജുവിനു അവസരം നല്‍കുമെന്ന് ഗംഭീര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതായത് ട്വന്റി 20 യില്‍ ഇന്ത്യയുടെ ഭാവി താരമായാണ് സഞ്ജുവിനെ പരിശീലകനും നായകന്‍ സൂര്യകുമാര്‍ യാദവും കാണുന്നത്. ജിതേഷിനേക്കാള്‍ പരിചയസമ്പത്തുള്ളതും സഞ്ജുവിനു ഗുണം ചെയ്തു.
ഓപ്പണര്‍ മുതല്‍ ആറാം നമ്പറില്‍ വരെ സഞ്ജുവിനെ കളിപ്പിക്കാമെന്നതും പ്ലേയിങ് ഇലവന്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി. നേരത്തെ അഞ്ച്, ആറ് നമ്പറുകളിലെല്ലാം സഞ്ജു ടി20 യില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഓപ്പണര്‍, വണ്‍ഡൗണ്‍ എന്നീ നിലകളിലും താരം മികവ് തെളിയിച്ചിട്ടുള്ളതാണ്.