Football Homepage Featured Sports

ആദ്യം അര്‍ജന്റീന തോറ്റു, പിന്നാലെ ബ്രസീലും; ഞെട്ടിച്ച് ഇക്വഡോറും ബൊളിവിയയും

ഫുട്‌ബോള്‍ ലോകത്തെ ചിരവൈരികളാണ് അര്‍ജന്റീനയും ബ്രസീലും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇരു ടീമുകളും ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റതാണ് കായികലോകത്തെ ചര്‍ച്ചാവിഷയം. ആദ്യം അര്‍ജന്റീന തോറ്റപ്പോള്‍ തൊട്ടുപിന്നാലെ ബ്രസീലും വീണു ! ഇരു ടീമിന്റെയും ആരാധകര്‍ ഒരേവിധം നിരാശയില്‍ !

അര്‍ജന്റീന vs ഇക്വഡോര്‍

സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് ഇക്വഡോറിനെതിരായ മത്സരത്തില്‍ അര്‍ജന്റീന ഇറങ്ങിയത്. ലോകകപ്പ് യോഗ്യത ഉറപ്പിച്ച സാഹചര്യത്തില്‍ മെസിക്ക് അര്‍ജന്റീന വിശ്രമം അനുവദിച്ചിരിക്കുകയാണ്. എങ്കിലും ഇക്വഡോറിനെ പോലൊരു ടീമിനെ വീഴ്ത്താനുള്ള രണ്ടിരട്ടി കരുത്ത് അര്‍ജന്റീനയ്ക്കുണ്ടായിരുന്നു. എന്നിട്ടും നിലവിലെ ലോക ചാംപ്യന്‍മാര്‍ ഇക്വഡോറിനു മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിനു തോറ്റു.

ആദ്യ പകുതിയുടെ എക്‌സ്ട്രാ സമയത്തായിരുന്നു ഇക്വഡോറിന്റെ വിജയഗോള്‍. ടാഗ്ലിയോഫിക്കയുടെ ഫൗളിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് എതിരായി റഫറി പെനാല്‍റ്റി അനുവദിച്ചു. ഇക്വഡോര്‍ താരം എന്നര്‍ വലന്‍സിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അര്‍ജന്റീനയെ പ്രതിരോധത്തിലാക്കി. 31-ാം മിനിറ്റില്‍ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അര്‍ജന്റീനയ്ക്കു തിരിച്ചടിയായി. അതേസമയം 50-ാം മിനിറ്റില്‍ ഇക്വഡോര്‍ താരം മൊയ്‌സസ് കസെയ്‌ഡോയ്ക്കും ചുവപ്പ് കാര്‍ഡ് കിട്ടി. ഇരു ടീമുകളും പിന്നീട് പത്ത് പേരുമായി കളിക്കേണ്ടി വന്നു.

ബ്രസീല്‍ vs ബൊളിവിയ

പന്ത് കൈവശം വയ്ക്കുന്നതില്‍ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ബ്രസീല്‍ ബൊളിവിയയ്ക്കു മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിനു തോറ്റു. ആദ്യ പകുതിയുടെ എക്‌സ്ട്രാ മിനിറ്റില്‍ തന്നെയാണ് ബ്രസീലിന്റെ നെഞ്ചുതകര്‍ത്ത് ബൊളിവിയയുടെ പെനാല്‍റ്റി ഗോള്‍. ബ്രൂണോ ഗീമറെസ് നടത്തിയ ഫൗള്‍ ആണ് ബ്രസീലിനു തിരിച്ചടിയായത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിഗ്വെല്‍ ടെര്‍സറോസ് ബൊളിവിയയ്ക്കു ലീഡ് നേടി കൊടുത്തു. തിരിച്ചടിക്കാന്‍ ബ്രസീലിനു സാധിച്ചതുമില്ല. ബ്രസീലിന്റെ മുന്നേറ്റത്തെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു പിന്നീട് ബൊളിവിയ ചെയ്തത്.

ലോകകപ്പ് യോഗ്യതാ മത്സരം – പോയിന്റ് ക്രമം

യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 18 മത്സരങ്ങളില്‍ 12 ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. 18 കളികളില്‍ എട്ട് ജയത്തോടെ ഇക്വഡോര്‍ രണ്ടാമത്. ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. കൊളംബിയ, ഉറുഗ്വായ് എന്നീ ടീമുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. പരഗ്വായ് ആറാമത്.

Related Posts